തിരുവനന്തപുരം: അർഹരായ എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ . മതിയായ രേഖകൾ ഇല്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകൾ നൽകും. രേഖകൾക്ക് ഫീസ് ഈടാക്കില്ല. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മേഖലാ അടിസ്ഥാനത്തിൽ സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ക്യാമ്പുകളിൽ കെ-സ്മാർട്ട് ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ ഹിയറിംഗ് സെന്ററുകൾ സ്ഥാപിക്കുന്നതിനും അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള ഉത്തരവാദിത്തം ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ട്.
ഹിയറിംഗ് സെന്ററുകളിൽ മതിയായ ഹിയറിംഗ് ഓഫീസർമാരുടെ സേവനവും ആവശ്യമെങ്കിൽ വളണ്ടിയർമാരുടെ സേവനവും ഉറപ്പാക്കണം. എല്ലാ സഹായ കേന്ദ്രങ്ങളിലും ഓൺലൈനായി ഫോമുകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. അക്ഷയ സെന്ററുകൾ ഈടാക്കുന്ന ഫീസ് കുറയ്ക്കാൻ ഐടി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമനം നടക്കാത്തതോ ഒഴിവുള്ളതോ ആയ പോളിംഗ് സ്റ്റേഷനുകളിൽ രണ്ട് ദിവസത്തിനുള്ളിൽ ബൂത്ത് ലെവൽ ഓഫീസർമാരെ നിയമിക്കണം.
ഇആർഒ, എഇആർഒ, അഡീഷണൽ എഇആർഒ തസ്തികകളിൽ വിരമിക്കൽ മൂലം ഉണ്ടാകുന്ന ഒഴിവുകൾ ഉടൻ നികത്തണം. ആളെ പകരം നിയമിച്ചതിനുശേഷം മാത്രമേ വിരമിക്കുന്നതിന് മുമ്പുള്ള അവധി അനുവദിക്കാവൂ. മുൻകൂർ അനുമതിയില്ലാതെ അവധി അനുവദിക്കരുത്. കെ-സ്മാർട്ട് വഴി സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിൽ കാലതാമസം ഉണ്ടായാൽ പഞ്ചായത്ത് വഴി നേരിട്ട് സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള സാധ്യത പരിശോധിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

