കോട്ടയം ; ജീവന്റെ തുടിപ്പ് നാലുപേർക്ക് പകർന്നു നൽകി കേരളത്തിന്റെ കുഞ്ഞുമാലാഖ ആലിൻ ഷെറിൻ മടങ്ങി . നെടുങ്ങാടപ്പള്ളി സിഎസ്ഐ സെന്റ് തോമസ് പള്ളിയിൽ പ്രാർത്ഥനകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാര ചടങ്ങുകൾ.
ഫെബ്രുവരി 13 ന് വാഹനാപകത്തിൽ ഗുരുതര പരിക്കേറ്റ ആലിൻ ഷെറിൻ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു . മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ഹൃദയ വാൽവ്, കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവ ദാനം ചെയ്തു. ഇന്ന് രാവിലെ 7 മണിക്ക് മല്ലപ്പള്ളിയിലെ ജോർജ്ജ് മാത്തൻ ആശുപത്രി ചാപ്പലിൽ ആലിന്റെ പ്രാർത്ഥനാ ചടങ്ങുകൾ ആരംഭിച്ചു. ആശുപത്രിയിൽ പൊതുദർശനത്തിന് ശേഷം, രാവിലെ 8 മണിക്ക് ആലിന്റെ മൃതദേഹം നെടുങ്ങാടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. വീടിനുള്ളിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം പൊതുദർശനം ആരംഭിച്ചു.
മന്ത്രിമാരായ വാസവൻ, സജി ചെറിയാന്, വീണാ ജോര്‍ജ് ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. അവയവദാനത്തിന് ആദ്യം സമ്മതം നൽകിയത് അലിൻ്റെ അച്ഛൻ അരുൺ ആയിരുന്നു. ഷെറിനോട് ഇക്കാര്യം പറഞ്ഞപ്പോൾ പൂർണ്ണഹൃദയത്തോടെ സമ്മതിച്ചുവെന്നും തുടർന്ന് സർക്കാർ സംവിധാനമായ കെ-സോട്ടോ വഴി അവയവദാന പ്രക്രിയ ഏകോപിപ്പിച്ചുവെന്നും അരുൺ പറഞ്ഞു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവെന്ന വലിയ നിയോഗവുമായാണ് ഈ പത്ത് മാസം പ്രായമുള്ള കുഞ്ഞ് യാത്രയാകുന്നത്.
കൊച്ചിയില്‍ നിന്ന് അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചത് മൂന്ന് മണിക്കൂര്‍ 17 മിനിറ്റ് കൊണ്ടായിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിക്കവേ, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ളവരും ആലിനെ സ്നേഹിക്കുന്നുവെന്നും , കരുത്ത് നൽകി ഒപ്പം നിൽക്കുന്നവരോട് നന്ദിയുണ്ടെന്നും അരുൺ പറഞ്ഞിരുന്നു. .

