പത്തനംതിട്ട : പത്തനംതിട്ട പീഡന കേസിൽ, ഡിഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കും. പത്തനംതിട്ട എസ് പി, ഡിവൈഎസ്പി നന്ദകുമാർ ഉൾപ്പെടെ 25 പേർ അടങ്ങുന്ന സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത് .
കേസുമായി ബന്ധപ്പെട്ട് 14 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, ഇതുവരെ 30 പേരെ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരുടെ വൈദ്യ പരിശോധന നടത്തി . 30 പ്രതികളിൽ 13 പേരുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്നും കൂടുതൽ തെളിവുകൾ കണ്ടെത്തി വരികയാണെന്നും പോലീസ് അറിയിച്ചു .
അഞ്ചു വർഷത്തിനിടെ 62 പേർ പീഡിപ്പിച്ചെന്ന കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നതാണ് പോലീസ് ലക്ഷ്യമിടുന്നത്. അതിനായി സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. അതോടൊപ്പം, പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പങ്കുവെച്ചവരിലേക്കും പ്രദർശിപ്പിച്ചവരിലേക്കും അന്വേഷണം നീളുമെന്നും മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും എന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
പെൺകുട്ടിയെ കൈമാറുവാൻ ആയി പ്രതികൾ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിലെ
ക്യാമറകൾ ഇല്ലാത്ത ഒഴിഞ്ഞ ഇടങ്ങളാണ് ഉപയോഗിച്ചതെന്നും, അവിടുന്ന് മറ്റു പല വാഹനങ്ങളിലായി കുട്ടിയെ കൊണ്ടുപോയിട്ടുണ്ടെന്നുമാണ് പോലീസിനു ലഭിച്ച വിവരം.
ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്താൻ ശ്രമിക്കുമെന്നും പോലീസ് അറിയിച്ചു.