കോഴിക്കോട്: നല്ലളത്ത് കോഴിക്കോട് സ്വദേശിനിയായ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ ലൈംഗികമായി പീഡിപ്പിച്ചു. ഇവരുടെ സുഹൃത്തായ മറ്റൊരു ആൺകുട്ടിയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഒരാഴ്ച മുമ്പ് നടന്ന സംഭവം പെൺകുട്ടി തൻ്റെ സ്കൂളിൽ കൗൺസിലിങ്ങിനിടെ വെളിപ്പെടുത്തിയതോടെയാണ് പുറത്തറിയുന്നത്. പത്താംക്ലാസ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടി, രണ്ട് ആൺകുട്ടികൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും, ദൃശ്യങ്ങൾ പകർത്തിയെന്നും വെളിപ്പെടുത്തുകയായിരുന്നു.
കുറ്റാരോപിതരായ ആൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരാണെന്നും വരും ദിവസങ്ങളിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും ഫെറോക്ക് ഡിവിഷനിലെ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ എ എം സിദ്ദിഖ് പറഞ്ഞു .”മൂന്ന് പ്രതികളാണുള്ളത്. അവരുടെ മാതാപിതാക്കൾക്ക് ഞങ്ങൾ നോട്ടീസ് അയച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
പീഡിപ്പിച്ച രണ്ട് ആൺകുട്ടികളിൽ ഒരാൾ പെൺകുട്ടിയുടെ അയൽവാസിയും രണ്ടാമൻ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയുമാണ്. ഇരുവരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. ദൃശ്യങ്ങൾ ചിത്രീകരിച്ച സുഹൃത്ത് പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

