കൊച്ചി: സ്ത്രീകൾക്ക് പകുതി വിലയ്ക്ക് സ്കൂട്ടറുകൾ നൽകുമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത ഇടുക്കി കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണനെ (26) മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ പദ്ധതികളിലായി സംസ്ഥാനത്തുടനീളം 300 കോടിയിലധികം രൂപ പിരിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ . അനന്തു കൃഷ്ണന്റെ അറസ്റ്റിനെത്തുടർന്ന്, തട്ടിപ്പിനിരയായതായി കാട്ടി 1,200 സ്ത്രീകൾ പരാതി നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്.
‘വുമൺ ഓൺ വീൽസ്’ എന്ന പേരിൽ നടത്തിയ ഈ തട്ടിപ്പ് പദ്ധതിയിൽ, വാഹനത്തിന്റെ വിലയുടെ 50% മുൻകൂർ അടച്ചാൽ സ്ത്രീകൾക്ക് പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.ബാക്കി തുക കേന്ദ്ര സർക്കാർ സഹായവും പ്രമുഖ കമ്പനികളിൽ നിന്നുള്ള കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ടുകളും വഴി നൽകുമെന്നാണ് സ്ത്രീകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.
പണം നൽകി 45 ദിവസത്തിനുള്ളിൽ വാഹനങ്ങൾ ലഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇരുചക്ര വാഹനങ്ങൾക്ക് പുറമേ, സമാനമായ രീതിയിൽ തയ്യൽ മെഷീനുകളും ലാപ്ടോപ്പുകളും നൽകാമെന്ന വ്യാജ വാഗ്ദാനങ്ങളും നൽകി . പദ്ധതി നിയമാനുസൃതമാണെന്ന് വരുത്തിത്തീർക്കാൻ, ഉദ്ഘാടന പരിപാടികൾക്ക് പ്രമുഖരെ എത്തിക്കുകയും രാഷ്ട്രീയ നേതാക്കളെ ഈ സംരംഭത്തിന്റെ പിന്തുണക്കാരായി കാട്ടുകയും ചെയ്തു.
45 ദിവസത്തിനുശേഷവും വാഹനങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്നാണ് തട്ടിപ്പ് മനസിലാക്കിയ ചില സ്ത്രീകൾ പോലീസിൽ പരാതി നൽകിയത്. പ്രധാന പ്രതിയായ അനന്തു കൃഷ്ണന് ഉന്നതതല രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ചെയിൻ മാർക്കറ്റിംഗ് മോഡൽ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത് . പണം നൽകിയ സ്ത്രീകൾ അനന്തു കൃഷ്ണന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്തു
2019 ൽ മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണൻ പിടിയിലായിട്ടുണ്ട്. ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് പുതിയ തട്ടിപ്പ് .