തിരുവനന്തപുരം: ദുരന്തങ്ങൾ സംഭവിക്കുമ്പോൾ അനിവാര്യമായ പ്രവർത്തനമാണ് രക്ഷാപ്രവർത്തനം. ശാസ്ത്രീയമായ രക്ഷാപ്രവർത്തനം എന്താണ്? ഇത് ഏതൊക്കെ സാഹചര്യങ്ങളിൽ എങ്ങനെയൊക്കെ നടത്താം എന്ന് നോക്കാം.
ദുരന്തങ്ങളിലോ അപകടങ്ങളിലോ പെട്ട് ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിൽ, ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനും അവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളെയാണ് സാങ്കേതികമായി രക്ഷാപ്രവർത്തനം എന്ന് പറയുന്നത്. പ്രകൃതിദുരന്തങ്ങൾ, മനുഷ്യനിർമ്മിത ദുരന്തങ്ങൾ, അപകടങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവ സംഭവിക്കുമ്പോഴാണ് രക്ഷാപ്രവർത്തനങ്ങളുടെ പ്രാധാന്യം.
രക്ഷാപ്രവർത്തനം നടത്തുമ്പോൾ ദ്രുതഗതിയിലുള്ള ആസൂത്രണവും കൃത്യമായ ഏകോപനവും അനിവാര്യമാണ്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ഭൂകമ്പം, ചുഴലിക്കാറ്റ്, റോഡ് അപകടങ്ങൾ, തീവണ്ടി അപകടങ്ങൾ, വിമാന അപകടങ്ങൾ, അഗ്നിബാധ, എന്നീ സാഹചര്യങ്ങളിൽ പരിചയ സമ്പന്നരായ രക്ഷാപ്രവർത്തകരുടെ സേവനം അനിവാര്യമാണ്. ദുരന്തങ്ങളിൽ പെട്ട് കെട്ടിടങ്ങൾ തകരുമ്പോഴും, അപകടങ്ങളിൽ പെട്ട് ആളുകൾ വെള്ളത്തിൽ മുങ്ങുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴും, കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങി കിടക്കുമോഴും രക്ഷാപ്രവർത്തനങ്ങൾ നടത്താറുണ്ട്. ലിഫ്റ്റിലോ അഗാധമായ കുഴികളിലോ വീഴുന്നവരെയും രക്ഷാപ്രവർത്തകർ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വരാറുണ്ട്.
അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് ഫോഴ്സ്, ദുരന്ത നിവാരണ സേന എന്നിവർക്കൊപ്പം സൈന്യവും പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകരും അടിയന്തിര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങാറുണ്ട്.

