ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഇന്ത്യയിലെത്തിയിരിക്കുന്നത് . പ്രോട്ടോക്കോൾ മാറ്റി വച്ച് നരേന്ദ്രമോദി തന്നെ അമീറിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തി . മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികളെപ്പോലെയല്ല , ഖത്തർ അമീറിന്റെ നയതന്ത്രത്തിനൊപ്പം അദ്ദേഹത്തിന്റെ ആഢംബര ജീവിതവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.
1980 ജൂൺ 3 ന് ജനിച്ച ഷെയ്ഖ് തമീം, മുൻ അമീർ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നാലാമത്തെ മകനാണ്. ബ്രിട്ടനിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം 1998 ൽ അവിടെ നിന്ന് തിരിച്ചെത്തിയ ശേഷം ഖത്തർ സൈന്യത്തിന്റെ കമാൻഡറായി. 2013-ൽ ഖത്തറിന്റെ അമീറായി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ചുമതലയേറ്റതിനുശേഷം അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2022-ൽ റോയൽ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മുസ്ലീങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി
ഖത്തറിന്റെ പരമോന്നത നേതാവിനാണ് അമീർ പദവി നൽകുന്നത്. ഖത്തർ രൂപീകൃതമായതിനുശേഷം, അൽ-താനി കുടുംബത്തിലെ 11 അംഗങ്ങൾക്ക് ഈ പദവി നൽകിയിട്ടുണ്ട് . ഷെയ്ഖ് തമീം ഖത്തറിന്റെ പതിനൊന്നാമത്തെ അമീറാണ്.
പതിമൂന്ന് കുട്ടികളുടെ പിതാവായ ഷെയ്ഖ് തമീം മൂന്ന് തവണ വിവാഹിതനായി . ദോഹയിലെ അദ്ദേഹത്തിന്റെ രാജകൊട്ടാരത്തിന് ഏകദേശം 1 ബില്യൺ യുഎസ് ഡോളർ വിലവരും. ഈ കൊട്ടാരത്തിൽ 100-ലധികം മുറികളും, ഒരു ബോൾ റൂമും, ഏകദേശം 500 കാറുകൾക്ക് പാർക്കിംഗ് സൗകര്യവുമുണ്ട്.
കൊട്ടാരത്തിന്റെ ചില ഭാഗങ്ങളിൽ സ്വർണ്ണത്തിൽ കൊത്തുപണികൾ ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചെലവേറിയ കപ്പലും ഷെയ്ഖ് തമീമിന്റേതാണ് . 124 മീറ്റർ നീളമുള്ള ഈ കപ്പലിൽ ഒരു ഹെലിപാഡും ഉണ്ട്, ഒരേ സമയം 35 അതിഥികളെയും 90 ക്രൂ അംഗങ്ങളെയും ഉൾക്കൊള്ളാൻ കഴിയും.1977-ൽ രൂപീകരിച്ച ‘ഖത്തർ അമീരി എയർലൈൻസ്’ എന്ന പേരിൽ അമീറിന് സ്വന്തമായി ഒരു വിമാനക്കമ്പനിയുണ്ട്, അത് രാജകുടുംബത്തിന് മാത്രമായി പ്രവർത്തിക്കുന്നു. മൂന്ന് ബോയിംഗ് 747 വിമാനങ്ങൾ ഉൾപ്പെടെ കുറഞ്ഞത് 14 വിമാനങ്ങളും ഈ എയർലൈനിനുണ്ട്.

