ടെഹ്റാൻ : ഇറാന്റെ ബുഷെഹർ പ്രവിശ്യയിലെ ഖോർമുജിന് മുകളിൽ വച്ച് യുഎസിന്റെ എം ക്യൂ 9 ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ റവല്യൂഷണറി ഗാർഡ് വക്താവ് ഹൊസൈൻ മൊഹ്ബി. യുഎസ് സൈന്യം ആക്രമിച്ചതിനാലാണ് തിരിച്ചടിച്ചതെന്നും മൊഹ്ബി പറഞ്ഞു.
അതിനിടെ ഒമാൻ തീരത്ത് മൂന്ന് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് ഇറാനിൽ യുഎസ് ശക്തമായ ആക്രമണം നടത്തി. കപ്പലുകളെ ആക്രമിച്ചതിനു പിന്നിൽ ഇറാനാണെന്ന് യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യാന്തര ജലപാതയിൽ നിരപരാധികളെ ലക്ഷ്യമിട്ടതിന് തിരിച്ചടിയാണ് ഈ ആക്രമണമെന്നും അവർ പറഞ്ഞു.
ബഹ്റൈനിലെയും കുവൈറ്റിലെയും യുഎസിന്റെ 85 സൈനിക സ്ഥലങ്ങൾക്കുനേരെ ആക്രമണം നടത്തിയെന്ന് ഇറാന്റെ ഐആർജിസി അറിയിച്ചു. എന്നാൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ അവ തകർത്തുവെന്ന് കുവൈറ്റും, ബഹ്റൈനും വ്യക്തമാക്കി.
അതേസമയം പ്രാദേശിക സുരക്ഷ, ആഗോള ഊർജ്ജവിതരണങ്ങൾ എന്നിവയ്ക്ക് ഭീഷണിയായ എല്ലാ നീക്കങ്ങളും നിർത്തിവയ്ക്കാൻ മുസ്ലീം വേൾഡ് ലീഗ് ഇറാനോട് അഭ്യർത്ഥിച്ചു. ഇത്തരം സംഭവങ്ങൾ മേഖലയിൽ ഉടനീളം പിരിമുറുക്കവും, അസ്ഥിരതയും വർധിപ്പിക്കുമെന്നും ലീഗ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ ഖത്തർ, സൗദി കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തെയും ലീഗ് അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ പ്രാദേശിക സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും മതമൂല്യങ്ങളുടെ ലംഘനമാണെന്നും അവർ പറഞ്ഞു.
സൗദി അറേബ്യയും, ഖത്തറും തങ്ങളുടെ സുരക്ഷയ്ക്കായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും മുസ്ലീം വേൾഡ് ലീഗ് പിന്തുണ നൽകുമെന്നും അറിയിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കണമെന്നും ലീഗ് വ്യക്തമാക്കി.

