വാഷിംഗ്ടൺ : മുൻ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് കാരണമായ യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ഇറാന്റെ ആവശ്യം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചു.
യുഎസ്, ഇസ്രായേൽ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് വാഷിംഗ്ടണിൽ നിന്ന് 300 ബില്യൺ ഡോളർ നഷ്ടപരിഹാരവും 100 ബില്യൺ ഡോളർ വരെ മരവിപ്പിച്ച ആസ്തികൾ വിട്ടുകൊടുക്കണമെന്ന ആവശ്യവുമാണ് ഇറാൻ മുന്നോട്ട് വച്ചത് . ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള സാധ്യതയുമായി ടെഹ്റാൻ മുന്നോട്ടുവച്ച നിരവധി വ്യവസ്ഥകളിൽ ഒന്നാണിത്. എന്നാൽ ആക്രമണത്തിൽ ഉണ്ടാകുന്ന ഏതൊരു മരണത്തിനും ഇറാൻ തന്നെ ഉത്തരവാദിയാകണമെന്ന് ട്രമ്പ് പറഞ്ഞു.
ഇറാൻ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് രസകരമായ കാര്യമാണെന്നും , ഭാവി ചർച്ചകളിൽ അതിനുള്ള മറുപടി പറയുകയുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. “കഴിഞ്ഞ അഞ്ച് മാസത്തെ സൈനിക സംഘർഷത്തിനിടയിൽ ഉണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഇറാനിയൻ പ്രതിനിധികൾ ആവശ്യപ്പെടുന്നു. ഇറാൻ ആണവായുധങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാകാത്തതിനാലാണ് ഈ യുദ്ധം ആരംഭിച്ചത്. 2000-ലെ യുഎസ്എസ് കോൾ സ്ഫോടനവും മറ്റ് സംഭവങ്ങളും ഉൾപ്പെടെ ഇറാൻ ഉൾപ്പെട്ട ആക്രമണങ്ങളിലും സംഘർഷങ്ങളിലും കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും ഇറാൻ തന്നെ നഷ്ടപരിഹാരം നൽകണം .
“ഇറാൻ കൊന്നതോ ഗുരുതരമായി പരിക്കേൽപ്പിച്ചതോ ആയ എല്ലാവർക്കും നഷ്ടപരിഹാരം നൽകണമെന്ന് ഞാൻ ആവശ്യപ്പെടുന്നു” ട്രമ്പ് പറഞ്ഞു. ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച സംഘർഷങ്ങളിൽ ഇറാന് പങ്കുണ്ടെന്ന് പറഞ്ഞ ട്രമ്പ് , മുൻ ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ മരണവും ഉദാഹരണമായി ചൂണ്ടിക്കാട്ടി. 2020 ൽ, ട്രമ്പിന്റെ ഉത്തരവനുസരിച്ച് ഇറാഖിലെ ബാഗ്ദാദിൽ നടന്ന ഡ്രോൺ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്.

