വാഷിംഗ്ടൺ : അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം അവസാനിപ്പിക്കുന്നതിൽ വലിയ പുരോഗതിയുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് . ഇരു രാജ്യങ്ങളും ഒരു സുപ്രധാന ചട്ടക്കൂട് കരാറിൽ എത്തിയതായും സ്കോട്ട് ബെസന്റ് എൻബിസിയുടെ മീറ്റ് ദി പ്രസ് പ്രോഗ്രാമിൽ പറഞ്ഞു. അതുകൊണ്ട് തന്നെ ഇത് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 100% തീരുവ ചുമത്താനുള്ള യുഎസിന്റെ പദ്ധതി വൈകിപ്പിച്ചേക്കാം. അടുത്തയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ഈ സൂചനകൾ പുറത്ത് വരുന്നത്.
“നമുക്ക് 100% താരിഫ് ഏർപ്പെടുത്തേണ്ടി വരുമെന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല, ചൈന അതിന്റെ അപൂർവ ധാതു കയറ്റുമതി നിയന്ത്രണങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ചട്ടക്കൂടിനുള്ളിൽ, സന്തുലിത വ്യാപാരം, അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങളുടെ വാങ്ങൽ, ഫെന്റനൈൽ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളും ഇരു രാജ്യങ്ങളും ചർച്ച ചെയ്യും “ അദ്ദേഹം പറഞ്ഞു.
കരാറിന്റെ അന്തിമ നിബന്ധനകൾ പ്രസിഡന്റ് ട്രംപും ഷി ജിൻപിങ്ങും തീരുമാനിക്കുമെന്ന് ബെസന്റ് പറഞ്ഞു. അടുത്തയാഴ്ച ദക്ഷിണ കൊറിയയിൽ വെച്ച് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. അപൂർവ ഭൗമ കാന്തങ്ങളും ധാതുക്കളും കയറ്റുമതി ചെയ്യുന്നത് നിയന്ത്രിക്കുന്നത് ചൈന തുടർന്നാൽ നവംബർ 1 മുതൽ പുതിയ മൂന്നക്ക താരിഫ് ചുമത്തുമെന്ന് യുഎസ് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
ക്വാലാലംപൂരിൽ നടന്നുകൊണ്ടിരിക്കുന്ന ആസിയാൻ ഉച്ചകോടിക്കിടെ ചൈനീസ് വൈസ് പ്രീമിയർ ഹെ ലൈഫെങ്, ഉന്നത വ്യാപാര ചർച്ചക്കാരനായ ലി ചെങ്ഗാങ്, യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്, യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ എന്നിവർ തമ്മിലും ചർച്ച നടന്നു . വ്യാപാര ഉടമ്പടി, ഫെന്റനൈൽ, കയറ്റുമതി നിയന്ത്രണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇരുപക്ഷവും പ്രാഥമിക ധാരണയിലെത്തിയതായി ലി ചെങ്ഗാങ് പറഞ്ഞു.
ചൈനയുമായി ഞങ്ങൾ ഒരു കരാറിലെത്തുമെന്ന് തനിക്ക് ഉറപ്പുണ്ട്. ചർച്ചകൾ ഒരു പോസിറ്റീവ് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞിരുന്നു.യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നത് കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിട്ടാണ് ഈ കരാറിനെ കാണുന്നത് .
കഴിഞ്ഞ കുറച്ച് മാസങ്ങളായി, താരിഫ്, കയറ്റുമതി നിയന്ത്രണങ്ങൾ, പ്രതികാര ഉപരോധങ്ങൾ എന്നിവ കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ട് . സോയാബീൻ വ്യാപാരം, തായ്വാൻ പ്രശ്നം, ഹോങ്കോംഗ് മാധ്യമ വ്യവസായി ജിമ്മി ലായുടെ മോചനം തുടങ്ങിയ വിഷയങ്ങൾ ട്രംപ്-ഷി കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .

