വാഷിംഗ്ടൺ : ഇറാനെതിരായ ആക്രമണം നിർത്തണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കർശന മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാനുമായുള്ള സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ, ആക്രമണങ്ങൾ തുടർന്നാൽ ഇസ്രായേൽ ഒറ്റപ്പെടുമെന്നും പ്രതിസന്ധികൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ.
‘ബീബി, സൂക്ഷിക്കുക, അല്ലെങ്കിൽ നിങ്ങൾക്ക് എന്റെ പിന്തുണ പോലും ലഭിക്കില്ല. നിങ്ങൾ ഒറ്റയ്ക്കായിരിക്കും,’ നെതന്യാഹുവുമായുള്ള ഫോൺ കോളിനിടെ ട്രംപ് പറഞ്ഞതായി റിപ്പോർട്ടുണ്ട്. എന്നാൽ, ട്രംപിനെ നിരസിക്കുന്ന നിലപാടാണ് നെതന്യാഹു സ്വീകരിക്കുന്നത്. ഇറാനും ഹിസ്ബുള്ളയ്ക്കുമെതിരായ നീക്കങ്ങൾ തുടരാനാണ് ഇസ്രായേലിന്റെ തീരുമാനം. ഇറാൻ-യുഎസ് സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്കിടയിൽ ഇന്നലെ ഇസ്രായേലിനെതിരായ ആക്രമണം ഇറാൻ പുനരാരംഭിച്ചു.
ലെബനനിലെ ഹിസ്ബുള്ള ലക്ഷ്യങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണത്തിനു പിന്നാലെയാണ് ഇറാന്റെ പ്രത്യാക്രമണം. മിഡിൽ ഈസ്റ്റ് സംഘർഷങ്ങളെ തുടർന്ന് ഏപ്രിൽ 8 ന് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ലെബനനിൽ നടന്ന ഇസ്രായേൽ ആക്രമണത്തോടെ ഇറാൻ വീണ്ടും പ്രത്യാക്രമണങ്ങൾ ആരംഭിച്ചു.
എന്നാൽ സാഹചര്യങ്ങൾ രൂക്ഷമാകുന്നുവെന്ന തിരിച്ചറിവിലാണ് യുഎസ് പ്രസിഡന്റ് സമാധാന ചർച്ചകൾക്കായി തിടുക്കം കൂട്ടുന്നതെന്നാണ് റിപ്പോർട്ട് . ആണവായുധ കരാറിൽ നിന്ന് പല രാജ്യങ്ങളും പിന്മാറുന്ന സാഹചര്യത്തിൽ അതിനായി ബലം പിടിക്കേണ്ടെന്നാണ് ആവശ്യമില്ലെന്നാണ് ട്രംപിന്റെ നിലപാട്. ഇറാനുമായുള്ള പുതിയ ആണവ കരാറുമായി സമാധാനപരമായ രീതിയിൽ മുന്നോട്ട് പോകാനാണ് യുഎസ് ശ്രമിക്കുന്നത്. ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങൾ സമാധാന ചർച്ചകളെ ബാധിക്കുന്നുണ്ടെന്ന കാരണത്താലാണ് യുഎസ് ഇടപെടുന്നത്.

