ടെഹ്റാൻ : കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊല്ലാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ട്. എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇസ്രായേൽ പ്രധാനമന്ത്രിയെ ഈ പദ്ധതി നടപ്പിലാക്കുന്നതിൽ നിന്ന് തടഞ്ഞതെന്നും റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ഇറാന് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ സ്വത്തുക്കൾക്ക് ഏതെങ്കിലും വിധത്തിൽ ദോഷം വരുത്താനോ നാശനഷ്ടങ്ങൾ വരുത്താനോ ഇറാൻ ശ്രമിച്ചാൽ, യുഎസ് സൈന്യം പൂർണ്ണ ശക്തിയോടെ ഇറാനെ ആക്രമിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാൽ ഈ റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രതികരിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിസമ്മതിച്ചു. “ഒരിക്കലും നടന്നിട്ടില്ലാത്ത നിരവധി തെറ്റായ സംഭാഷണ റിപ്പോർട്ടുകൾ ഉണ്ട്, ഞാൻ അതിനെ പറ്റി പറയാൻ ഉദ്ദേശിക്കുന്നില്ല. . എന്നാൽ ഞങ്ങൾ ചെയ്യേണ്ടത് ഞങ്ങൾ ചെയ്തിരിക്കും , അമേരിക്കയ്ക്ക് എന്താണ് നല്ലതെന്ന് അമേരിക്കയ്ക്ക് അറിയാമെന്ന് ഞാൻ കരുതുന്നു,” – നെതന്യാഹു പറഞ്ഞു.
ട്രംപ് ഈ തീരുമാനം നേരിട്ട് അറിയിച്ചോ എന്ന് വ്യക്തമല്ലെങ്കിലും, പ്രധാനമന്ത്രി നെതന്യാഹുവുമായി അദ്ദേഹം പതിവായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് ഇസ്രായേലി വൃത്തങ്ങൾ സ്ഥിരീകരിച്ചു.വെള്ളിയാഴ്ച ആരംഭിച്ച ഇസ്രായേലിന്റെ തുടർച്ചയായ സൈനിക പ്രചാരണത്തിന്റെ അനന്തരഫലമാകും ഇറാനിലെ ഭരണമാറ്റമെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടിരുന്നു . ആക്രമണങ്ങളെക്കുറിച്ച് മുൻകൂട്ടി ട്രംപിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

