തന്റെ സഹോദരനും നിർമ്മാതാവുമായ ഹസീബിനെ നടൻ ജയറാം വഞ്ചിച്ചതായി ദിവസങ്ങൾക്ക് മുൻപ് നടി ഉഷ ഹസീന വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര നിർമ്മാതാവ് ആലപ്പി അഷ്റഫ് . ജയറാം നൽകിയ ഉറപ്പുകൾ പാലിക്കാത്തതിന്റെ ഫലമായാണ് ഹസീബിന്റെ സാമ്പത്തിക തകർച്ചയും തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളുമെന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.
കാളിദാസ് ജയറാം നായകനായ ഹാപ്പി സർദാറിന്റെ നിർമ്മാതാവാണ് ഹസീബ്. ഒരു നിർമ്മാതാവ് എന്ന നിലയിൽ ഹസീബിന്റെ കരിയർ അവസാനിച്ചതായും അദ്ദേഹം മാനസികമായി തളർന്നതായും അഷ്റഫ് പറഞ്ഞു.
‘ഒന്നുമില്ലാതെ ഉയർന്നുവന്ന് കഠിനാധ്വാനത്തിലൂടെ സാമ്രാജ്യം കെട്ടിപ്പടുത്ത നിർമ്മാതാവായിരുന്നു ഹസീബ്. സിനിമകൾ നിർമ്മിക്കുന്നതിനു പുറമേ, മറ്റ് നിർമ്മാതാക്കൾക്ക് ധനസഹായം നൽകുകയും സാറ്റലൈറ്റ് അവകാശങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കുകയും ചെയ്തു. അങ്ങനെ സിനിമാ വ്യവസായത്തിലെ ഒഴിച്ചുകൂടാനാവാത്ത വ്യക്തിയായി.
ആലപ്പുഴയിൽ ആഡംബര വീടും വിലകൂടിയ കാറുകളും സ്വർണ്ണക്കടയുമായി സമ്പന്നമായ ജീവിതം നയിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ഒരു തിരിച്ചടി അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. മറ്റൊരു നിർമ്മാതാവ് ഉപേക്ഷിച്ച ഒരു പ്രോജക്റ്റ് വലിയൊരു തുക മുടക്കി ഏറ്റെടുക്കാൻ അദ്ദേഹം നിർബന്ധിതനായി. അതുവരെ, ശക്തമായ കലാമൂല്യമുള്ള സിനിമകൾ ഹസീബ് നിർമ്മിച്ചിരുന്നു. ആദ്യമായി, വിപണി മൂല്യമില്ലാത്ത ഒരു പുതുമുഖ നടന്റെ സിനിമയുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു.
കാളിദാസ് ജയറാം അഭിനയിച്ച ഹാപ്പി സർദാർ ആയിരുന്നു അത്. ഹസീബിനെപ്പോലുള്ള ഒരു ബിസിനസുകാരൻ ഇത്തരമൊരു പ്രോജക്റ്റ് ഏറ്റെടുക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ അന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി: ‘ജയറാമിലുള്ള എന്റെ വിശ്വാസമാണിത്. തന്റെ മകന്റെ സിനിമ ഞാൻ ഏറ്റെടുക്കണമെന്നും എന്ത് സംഭവിച്ചാലും അദ്ദേഹം എന്റെ കൂടെ നിൽക്കുമെന്നും ജയറാം എന്നോട് പറഞ്ഞു. നമുക്ക് ഒരുമിച്ച് ഏത് പ്രശ്നവും പരിഹരിക്കാൻ കഴിയും. ആ ഉറപ്പ് എനിക്ക് ആത്മവിശ്വാസം നൽകി.’ എന്നാണ് ഹസീബ് അന്ന് പറഞ്ഞത്.
പലരും ഈ പ്രോജക്റ്റ് ഏറ്റെടുക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അദ്ദേഹം അതൊക്കെ അവഗണിച്ചു . കോടികൾ ചെലവഴിച്ചാണ് ഷൂട്ടിംഗ് ആരംഭിച്ചത്. പഞ്ചാബ്, ഹരിയാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ വിപുലമായ ചിത്രീകരണം നടന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിൽ, മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന പലിശ നിരക്കിൽ അദ്ദേഹം പണം കടം വാങ്ങിക്കൊണ്ടിരുന്നു.
വലിയ പ്രതീക്ഷകളോടെ ചിത്രം റിലീസ് ചെയ്തപ്പോൾ, പോസ്റ്ററുകൾ ഒട്ടിക്കാൻ ചെലവഴിച്ച പണം പോലും തിരിച്ചുപിടിക്കാനായില്ല. ചിത്രം പൂർണ്ണമായും തകർന്നു. അതോടൊപ്പം, നിർമ്മാതാവ് ഹസീബും മാനസിക ആഘാതത്തിൽ തകർന്നു. സിനിമയിൽ നിന്നുള്ള അദ്ദേഹത്തിന്റെ ബാധ്യതകൾ ഏകദേശം 10 കോടി രൂപയായിരുന്നു. ഒരു നിർമ്മാതാവ് കടബാധ്യതയിൽ അകപ്പെട്ടാൽ, മറ്റൊരു ചിത്രത്തിന് ആരാണ് അദ്ദേഹത്തിന് ഡേറ്റ് നൽകുക? സഹായത്തിനായി ഹസീബ് ജയറാമിനെയും ആടുപുലിയാട്ടത്തിന്റെ സംവിധായകൻ കണ്ണൻ താമരക്കുളത്തെയും സമീപിച്ചു.
ആടുപുലിയാട്ടത്തിന്റെ തുടർഭാഗത്തിന്റെ കഥ തയ്യാറായെന്നും ഡേറ്റ് നൽകണമെന്നും ജയറാമിനോട് അഭ്യർത്ഥിച്ചു . എന്നാൽ ഒരു വർഷം കാത്തിരിക്കേണ്ടിവരുമെന്നായിരുന്നു ജയറാമിന്റെ മറുപടി. ആ സമയത്ത് ജയറാമിന് വലിയ പ്രോജക്ടുകളോ, ചിത്രങ്ങളോ ഉണ്ടായിരുന്നുല്ല . പണമില്ലാത്ത തന്നെ ഒഴിവാക്കാനാണ് ജയറാം ശ്രമിക്കുന്നതെന്ന് ഹസീബ് മനസിലാക്കി. സ്വന്തം മകന്റെ കാര്യത്തിനുവേണ്ടി പറഞ്ഞ വാക്കുകളെല്ലാം ജയറാം അപ്പാടെ വിഴുങ്ങി.
ജയറാം ഈ സമയത്ത് ഹസീബിന് ഒരു ശബ്ദ സന്ദേശം അയച്ചു, ‘എല്ലാം നല്ലതിന് വേണ്ടിയാണ് സംഭവിക്കുന്നത് . ഇതും ഒരു നല്ല കാര്യമായി കരുതുക. ദൈവം സഹായിക്കും. ഞാൻ പ്രാർത്ഥിക്കാം.’ എന്നായിരുന്നു മെസേജ്. കടക്കാർ എല്ലാ വശങ്ങളിൽ നിന്നും ഹസീബിനെ പിടിമുറുക്കുകയും അദ്ദേഹത്തിന്റെ സ്വത്തുക്കൾ ജപ്തിയിലേക്ക് പോകുന്ന അവസ്ഥയിൽ എത്തുകയും ചെയ്തു.
ഹസീബ് എല്ലാം എന്നോട് പങ്കുവെക്കാറുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം വളരെ വേദനയോടെ എന്നോട് പറഞ്ഞു, ‘എനിക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. ഗോകുലം ഗോപാലനിൽ നിന്ന് ഞാൻ കടം വാങ്ങിയ മുതൽ ഞാൻ എങ്ങനെയെങ്കിലും തിരിച്ചടയ്ക്കും. ഗോപാലേട്ടനോട് പലിശ എഴുതിത്തള്ളാൻ പറയാൻ ജയറാമിനോട് ഒന്ന് പറയണം . ജയറാം ആവശ്യപ്പെട്ടാൽ അദ്ദേഹം കേൾക്കും.’ ഇക്കാര്യം ജയറാം സമ്മതിച്ചു, പക്ഷേ അദ്ദേഹം അതും ചെയ്തില്ല.
എന്നാൽ ജയറാമിനെ കുറ്റപ്പെടുത്തില്ലെന്ന് ഞാൻ ഹസീബിനോട് പറഞ്ഞു, കാരണം ഞാൻ ഉൾപ്പെടെ എല്ലാവരും ആ സിനിമ എടുക്കരുതെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹം ആ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. ഇത് അദ്ദേഹം സ്വയം ക്ഷണിച്ചുവരുത്തിയ വിധിയായിരുന്നു.“ എന്നും ആലപ്പി അഷ്റഫ് പറയുന്നു.

