അലബാമ : മാരകമായ നിപ വൈറസിന്റെ ഇനത്തിൽപ്പെട്ട ക്യാമ്പ് ഹിൽ വൈറസ് അമേരിക്കയിൽ കണ്ടെത്തി. ക്വീൻസ്ലാൻഡ് സർവകലാശാലയിലെ ഗവേഷകരാണ് വൈറസിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്.മനുഷ്യരിലേക്ക് ഇത് പകരാനുള്ള സാധ്യത ശാസ്ത്രജ്ഞർക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
കാനഡയിലും അമേരിക്കയിലും കാണപ്പെടുന്ന നോര്‍ത്തേണ്‍ ഷോര്‍ട്ട് ടെയില്‍ഡ് ഷ്ര്യൂ എന്ന ചെറിയ സസ്തനിയിലാണ് നിലവില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വൈറസ് മുമ്പ് കരുതിയിരുന്നതിനേക്കാൾ വ്യാപകമായി പടരുമെന്ന ആശങ്കയുണ്ടെന്ന് ക്വീൻസ്ലാൻഡ് സർവകലാശാലയിലെ ഡോ. റൈസ് പാരി സ്ഥിരീകരിച്ചു.
ഹെൻട്ര, നിപ്പ വൈറസുകൾ ഉൾപ്പെടുന്ന ഹെനിപാവൈറസുകൾ മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും. ഈ വൈറസുകൾ വവ്വാലുകളാണ് വഹിക്കുന്നത്, ഗുരുതരമായ ശ്വസന, നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നവയാണിവ .
ഏറ്റവും അപകടകരമായ ഒന്നാണ് ഹെൻഡ്ര വൈറസ്, ഇത് ആദ്യമായി ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ കണ്ടെത്തി. 70 ശതമാനം മരണനിരക്കുള്ള വൈറസാണിത് .