അൽ ഉദൈദിലെ യുഎസ് സൈനിക താവളങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് താൽക്കാലികമായി അടച്ചുപൂട്ടിയ ഖത്തർ വ്യോമാതിർത്തി വീണ്ടും തുറന്നു. ഇൻഡിഗോ പോലുള്ള വിമാനക്കമ്പനികൾ മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്തു . വ്യോമാതിർത്തി തുറന്നതിന് ശേഷം ഖത്തർ എയർവേയ്സും വിമാന സർവീസുകൾ പുനഃസ്ഥാപിച്ചു
“ഖത്തറിൽ വ്യോമാതിർത്തി വീണ്ടും തുറക്കുമ്പോൾ ഞങ്ങളുടെ ശ്രദ്ധ ഞങ്ങളുടെ യാത്രക്കാരെ നാട്ടിലേക്ക് മടങ്ങാനോ അല്ലെങ്കിൽ അവരുടെ മുന്നോട്ടുള്ള യാത്ര സുരക്ഷിതമായും സുഗമമായും എത്തിക്കാനോ സഹായിക്കുക എന്നതാണ്.ഖത്തർ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം പുനരാരംഭിക്കുമ്പോൾ അധിക ഗ്രൗണ്ട് സ്റ്റാഫിനെ വിന്യസിച്ചിട്ടുമുണ്ട് “ – ഖത്തർ എയർവേയ്സ് അറിയിച്ചു.
മുടങ്ങിയ വിമാനങ്ങൾക്ക് പൂർണ്ണ റീഫണ്ടും നൽകിയിട്ടുണ്ട്. അതേസമയം, ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ 8 ലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാരുള്ളതിനാൽ ഇന്ത്യയും സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ എംബസി പൗരന്മാരോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചു. “ദയവായി ശാന്തത പാലിക്കുക, പ്രാദേശിക വാർത്തകളും ഖത്തർ അധികൃതർ നൽകുന്ന നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുക. എംബസി ഞങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകൾ വഴിയും അപ്ഡേറ്റ് ചെയ്യുന്നത് തുടരും,” അതിൽ പറയുന്നു.
ഇറാനിൽ അമേരിക്ക ബോംബാക്രമണം നടത്തിയതിന് പ്രതികാരമായി, യുഎസ് സൈനികരെ പാർപ്പിക്കുന്ന ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ കഴിഞ്ഞ ദിവസമാണ് ഇറാന്റെ മിസൈലാക്രമണം ഉണ്ടായത് . മിസൈലുകൾ എത്തുന്നതായി രാജ്യത്തിന്റെ വ്യോമനിരീക്ഷണ സംവിധാനങ്ങൾ കണ്ടെത്തിയെന്നും , 11 എണ്ണവും സമുദ്രത്തിനു മുകളിൽ വച്ച് നശിപ്പിച്ചതായും, ഒരെണ്ണം വ്യോമത്താവളത്തിനുള്ളിൽ വീണതായും ആഭ്യന്തര മന്ത്രാലയം വക്താവ് ജബര്‍ അല്‍ നുഐമി പറഞ്ഞു.

