ബെയ്ജിംഗ് : ജോലി നഷ്ടപ്പെട്ടവർ എന്തുചെയ്യും? വീട്ടിലിരിക്കാൻ നാണക്കേടാണ്. ജോലിയില്ലെന്ന് പറഞ്ഞ് കളിയാക്കുന്ന ധാരാളം പേരുണ്ട്. വീട്ടിൽ വെറുതെ നിൽക്കുന്നതും വിഷമമാണ് . ചൈനയിൽ 14 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക് . അവിടെ തൊഴിലില്ലാത്ത യുവാക്കൾക്കും യുവതികൾക്കും വേണ്ടി ഇപ്പോൾ ഡമ്മി ഓഫീസുകൾ സൃഷ്ടിക്കപ്പെടുകയാണ് . തൊഴിലില്ലാത്തവർ ജോലി ചെയ്യുന്നുണ്ടെന്ന് കാണിക്കാനായാണ് ഈ ഡമ്മി ഓഫീസുകളിൽ പോകുന്നത്. ബിബിസി റിപ്പോർട്ട് അനുസരിച്ച്, ചൈനയിൽ ഇത്തരമൊരു പ്രവണത വ്യാപകമാവുകയാണ്.
തൊഴിൽരഹിതരായ ചൈനക്കാർ തങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണിക്കാൻ ഈ ഡമ്മി ‘ഓഫീസിൽ’ പോകുന്നു. ഇത് ഒരു യഥാർത്ഥ ഓഫീസ് പോലെ തോന്നിക്കുന്ന ഒരിടമാണ് . എന്നാൽ ഈ സൗകര്യത്തിനായി പണം നൽകണം. ഡെസ്കുകൾ, കമ്പ്യൂട്ടറുകൾ, വൈഫൈ, മീറ്റിംഗ് റൂമുകൾ, ഭക്ഷണം, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്.
ബെയ്ജിംഗ്, ഷെൻഷെൻ, ഷാങ്ഹായ്, നാൻജിംഗ്, വുഹാൻ തുടങ്ങിയ ചൈനീസ് നഗരങ്ങളിൽ ഇത്തരം ഡമ്മി ഓഫീസുകൾ ഉയർന്നുവരുന്നുണ്ട്. ബിബിസി റിപ്പോർട്ട് അനുസരിച്ച്, 16 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കളും യുവതികളും തങ്ങൾക്ക് ജോലി ഉണ്ടെന്ന് കാണിക്കാൻ ഈ ഡമ്മി ഓഫീസുകളിൽ പോകുന്നതായി റിപ്പോർട്ടുണ്ട്.
തങ്ങളുടെ കുടുംബങ്ങളിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും തങ്ങൾ തൊഴിൽരഹിതരാണെന്ന കയ്പേറിയ സത്യം മറച്ചുവെക്കാനാണ് അവർ ഇവിടെ വരുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന്റെ കാര്യമാണ്.

