ന്യൂഡൽഹി : നേപ്പാൾ കരസേനാമേധാവിയ്ക്ക് ഇന്ത്യയുടെ ആദരവ് . ജനറൽ അശോക് രാജ് സിഗ്ദലിനെ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ‘ ജനറൽ ഓഫ് ഇന്ത്യൻ ആർമി ‘ പദവി നൽകി ആദരിച്ചത് . ഇന്ത്യയുമായുള്ള നേപ്പാളിന്റെ സുദീർഘവും , ശക്തവുമായ ബന്ധത്തിന്റെ തെളിവാണിതെന്ന് രാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
1950 മുതൽ നേപ്പാളിലെയും , ഇന്ത്യയിലെയും കരസേന മേധാവികൾക്ക് ഓണററി ജനറൽ പദവി നൽകുന്ന രീതി നിൽനിൽക്കുന്നുണ്ട് . ജനറൽ സിഗ്ഡൽ ചൊവ്വാഴ്ചയാണ് ഇന്ത്യയിൽ എത്തിയത് . ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.
ഡിസംബർ 14 വരെ നീളുന്ന അദ്ദേഹത്തിന്റെ സന്ദർശനം നേപ്പാളും , ഇന്ത്യയും തമ്മിലുള്ള പ്രതിരോധസഹകരണം ശക്തിപ്പെടുത്തുകയും, കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.
നേപ്പാൾ പ്രസിഡൻ്റ് രാമചന്ദ്ര പൗഡൽ കഴിഞ്ഞ മാസം കാഠ്മണ്ഡുവിൽ നടന്ന പ്രത്യേക ചടങ്ങിൽ ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിക്ക് നേപ്പാൾ ആർമി ജനറൽ പദവി നൽകി ആദരിച്ചിരുന്നു.