ന്യൂഡൽഹി : എണ്ണ പര്യവേഷണത്തിനായി പാകിസ്ഥാനുമായി കരാർ ഉണ്ടാക്കിയ യുഎസിന് പറ്റിയത് വൻ അബദ്ധമെന്ന് ലൂച് നേതാവ് മിർ യാർ ബലൂച് . എണ്ണ പാകിസ്ഥാനിലല്ല, ബലൂചിസ്ഥാനിലാണെന്നും , അസിം മുനീർ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും കാട്ടി മിർ യാർ ബലൂച് ട്രംപിന് തുറന്ന കത്ത് നൽകി.
‘ ഈ മേഖലയിലെ എണ്ണ, ധാതു ശേഖരത്തെക്കുറിച്ച് നിങ്ങളെ (ട്രംപ്) പൂർണ്ണമായും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് .ജനറൽ അസിം മുനീർ ഭൂമിശാസ്ത്രത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ട്. ഈ പ്രദേശം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ ഭാഗമല്ല. ചരിത്രപരമായി ഒരു പരമാധികാര രാഷ്ട്രമായിരുന്ന ബലൂചിസ്ഥാൻ റിപ്പബ്ലിക്കിന്റെ ഭാഗമാണ് . ഈ പ്രദേശം വിൽപ്പനയ്ക്കുള്ളതല്ല. അതിന്റെ വിഭവങ്ങൾ പാകിസ്ഥാനോ, ചൈനയോ അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യമോ ചൂഷണം ചെയ്യുന്നത് അംഗീകരിക്കില്ല ‘ – മിർ യാർ കത്തിൽ പറയുന്നു.
അടുത്തിടെയാണ് ട്രംപ് പാകിസ്ഥാനുമായി ചേർന്ന് എണ്ണ കരാർ പ്രഖ്യാപിച്ചത് . ഭാവിയിൽ ഇന്ത്യ പാകിസ്ഥാനിൽ നിന്ന് എണ്ണ വാങ്ങുമെന്ന് പോലും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയുടെ ഈ കരാർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രമായിരിക്കാമെന്നും സൂചനയുണ്ട് . അതിനു പിന്നാലെയാണ് ബലൂച് നേതാക്കൾ ഈ കരാറിനെതിരെ പരസ്യമായി രംഗത്തെത്തിയത് .

