ഉത്തരകൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ മരണപ്പെട്ടതായി റിപ്പോർട്ടുകൾ . അദ്ദേഹത്തിന്റെ സഹോദരി കിം യോ-ജോങ് ഭരണം ഏറ്റെടുത്തുവെന്നും, പ്യോങ്യാങ്ങിലേക്ക് ചൈന 9,000 സൈനികരെ വിന്യസിച്ചതായുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ചൈന ഡെമോക്രസി പാർട്ടി (സിഡിപി) ചെയർമാൻ വാൻജുൻ സി സോഷ്യൽ മീഡിയയിൽ നടത്തിയ പ്രസ്താവനയിൽ കിം ജോങ് ഉന്നിന് ഗുരുതരമായ സെറിബ്രൽ രക്തസ്രാവം ഉണ്ടായെന്നും, കോമയിലേക്ക് വഴുതിവീണുവെന്നും, അടിയന്തര വൈദ്യചികിത്സയ്ക്ക് ശേഷം മരിച്ചുവെന്നുമാണ് പറയുന്നത്.
കിം ജോങ് ഉന്നിന്റെ മകൾ കിം ജു-എയെ മാറ്റിയാണ് കിം യോ-ജോങ് അധികാരത്തിലെത്തിയെന്നും ഷി ആരോപിച്ചു. കിം ജോങ് ഉന്നിന് ആവശ്യമായ ചികിത്സ നൽകാൻ ഉത്തരകൊറിയയിലെ മെഡിക്കൽ സൗകര്യങ്ങൾക്ക് കഴിയാത്തതിനാൽ, അവർ ചൈനയോട് വൈദ്യസഹായം അഭ്യർത്ഥിച്ചു. ‘പീക്കിംഗ് യൂണിയൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ’ നിന്നുള്ള മെഡിക്കൽ വിദഗ്ധരുടെ ഒരു സംഘത്തെ ഉത്തരകൊറിയയിലേക്ക് അയച്ചതായും ഷി പറഞ്ഞു.
കിം ജോങ് ഉന്നിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്കായി ബെയ്ജിംഗിലേക്ക് കൊണ്ടുപോയി, പക്ഷേ അദ്ദേഹത്തിന്റെ നില വളരെ ഗുരുതരമായതിനാലും ചികിത്സയ്ക്ക് ആവശ്യമായ നിർണായക സമയം കടന്നുപോയതിനാലും ഡോക്ടർമാർക്ക് അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല. കിം ജോങ് ഉന്നിന്റെ മൃതദേഹം ഉത്തരകൊറിയയിലേക്ക് അയച്ചു, അദ്ദേഹത്തിന്റെ മരണവാർത്ത അധികൃതർ രഹസ്യമായി സൂക്ഷിക്കുകയാണെന്നും ഷി പറഞ്ഞു.
ഉത്തരകൊറിയയിൽ പിന്തുടർച്ചാ പ്രതിസന്ധിയോ ആഭ്യന്തരയുദ്ധമോ ഉണ്ടാകുമെന്ന ആശങ്കകൾക്കിടയിൽ, ചൈന പ്യോങ്യാങ്ങിലേക്ക് 9,000 സൈനികരെ അയച്ചതായും റിപ്പോർട്ടുകളുണ്ട് . രാജ്യത്തിന്റെ നേതൃത്വത്തെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കെ, കിം ജു-എയുടെ നിലപാട് ഏകീകരിക്കാൻ ചൈനയെ സഹായിക്കുന്നതിനാണ് സൈനികരെ വിന്യസിച്ചതെന്ന് ഷി അവകാശപ്പെട്ടു.
അതേസമയം തിങ്കളാഴ്ച ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമം പ്രസിദ്ധീകരിച്ച ഫോട്ടോകളിൽ, വസ്ത്ര-പാദരക്ഷ പ്രദർശനത്തിൽ കിം പങ്കെടുക്കുന്നവയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് അടുത്തിടെയുള്ളതാണോ എന്നും സ്ഥിരീകരിച്ചിട്ടില്ല.

