ന്യൂഡൽഹി ; ജൂൺ 15 മുതൽ 17 വരെ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെത്തും . പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കാനഡയിലെ ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നാണ് റിപ്പോർട്ട് . ഖാലിസ്ഥാൻ ഭീകര സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ആണ് ഈ പ്രതിഷേധങ്ങളുടെ മുൻനിരയിലുള്ളത്. “മോദി രാഷ്ട്രീയം ലാൻഡിങ് മുതൽ ടേക്ക് ഓഫ് വരെ പതിയിരുന്ന് ആക്രമിക്കുമെന്ന്” ഭീഷണിപ്പെടുത്തി സംഘടന പ്രകോപനപരമായ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.
ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൺ, പ്രധാനമന്ത്രി മോദി “പാകിസ്ഥാനിൽ നിന്ന് കാനഡയിലേക്ക് രാജ്യാന്തര ഭീകരത” കയറ്റുമതി ചെയ്തതായി ആരോപിച്ചു. വീഡിയോ സന്ദേശത്തിൽ, “ജി7 രാജ്യങ്ങൾക്ക് മുന്നിൽ പതിയിരുന്ന് ആക്രമിക്കാൻ ഖാലിസ്ഥാൻ അനുകൂല സിഖുകാർക്ക് ചരിത്രപരമായ അവസരം നൽകിയതിന് കനേഡിയൻ പ്രധാനമന്ത്രിയേക്കാൾ കൂടുതൽ ബിസിനസുകാരനായ മാർക്ക് കാർണിയോട് ഞാൻ നന്ദി പറയുന്നു” എന്ന് പന്നൂൺ പറഞ്ഞു.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പ്രധാനമന്ത്രി മോദിയെ ഉത്തരവാദിയാക്കാൻ ജി7 രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കുക എന്നതാണ് ഈ പ്രതിഷേധങ്ങളുടെ ലക്ഷ്യം എന്ന് എസ്എഫ്ജെ പറയുന്നു. വിദേശത്ത് ഖാലിസ്ഥാൻ റഫറണ്ടം സംഘാടകരെ കൊല്ലാൻ ഇന്ത്യ പദ്ധതിയിട്ടിരുന്നുവെന്നും പന്നൂൺ ആരോപിച്ചു.
കൂടാതെ, പാകിസ്ഥാന് പിന്തുണ നൽകുകയും ഇന്ത്യയുടെ ഭീകരവിരുദ്ധ ഓപ്പറേഷൻ സിന്ദൂരിനെ “പള്ളികളെ ലക്ഷ്യം വച്ചുള്ള പാകിസ്ഥാനെതിരായ ഭീകരാക്രമണം” എന്ന് പന്നൂൺ പരാമർശിക്കുകയും ചെയ്തു . ജി7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചതിനെ സിഖ് ഫെഡറേഷൻ കാനഡയും എതിർത്തു. അമിത് ഷാ അടക്കമുള്ളവരെ ഉപരോധിക്കണമെന്ന ആവശ്യവും ഇവർ ഉയർത്തിയിട്ടുണ്ട്.

