വാഷിംഗ്ടൺ : ഖമേനിയുടെ മരണത്തെ തുടർന്ന് ഇറാൻ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ പൊതു അവധികൾക്കൊപ്പമാണ് സർക്കാർ 40 ദിവസത്തെ പൊതു ദുഃഖാചരണം പ്രഖ്യാപിച്ചത്.
അതേസമയം ആയത്തുള്ള അലി ഖമേനിയുടെ മകളും പേരക്കുട്ടിയും ഉൾപ്പെടെ നിരവധി കുടുംബാംഗങ്ങൾ ടെഹ്റാനിൽ നടന്ന യുഎസ്, ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഖമേനിയുടെ മരുമകൻ മെസ്ബ അൽ-ഹോദ ബാഗേരി കാനി, ഭാര്യ സഹ്റ ഹദ്ദാദ് അദേൽ എന്നിവർ കൊല്ലപ്പെട്ടതായി ടെഹ്റാൻ സിറ്റി കൗൺസിൽ അംഗമായ മെയ്സം മൊസാഫർ സ്ഥിരീകരിച്ചു.
ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം, അലി ഖമേനിയുടെ മകളും പേരക്കുട്ടിയും ആക്രമണത്തിൽ മരിച്ചുവെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഖമേനിക്ക് ബോഷ്ര, ഹോദ എന്നീ രണ്ട് പെൺമക്കളുണ്ട് . മുഹമ്മദ് മുഹമ്മദി ഗോൾപായേഗാനി, മെസ്ബ അൽ-ഹോദ ബാഗേരി കാനി എന്നിവരാണ് മരുമക്കൾ. അദ്ദേഹത്തിന് നിരവധി പേരക്കുട്ടികളുമുണ്ട്.
എന്നാൽ അവരുടെ മരണങ്ങളിലൊന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആയത്തുള്ള ഖമേനി അന്തരിച്ചുവെന്ന വാർത്ത ശനിയാഴ്ച രാത്രി പുറത്തുവന്നപ്പോൾ ടെഹ്റാന്റെ ചില ഭാഗങ്ങളിൽ ആഹ്ലാദ പ്രകടനങ്ങൾ ഉണ്ടായതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇറാനിലെ 31 പ്രവിശ്യകളിൽ 20 ലധികം ലക്ഷ്യമാക്കി നടത്തിയ ഇസ്രായേലി, യുഎസ് ആക്രമണങ്ങളിൽ കുറഞ്ഞത് 201 പേർ മരിക്കുകയും 747 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ പ്രതിനിധി മൊജ്തബ ഖാലിദി പറഞ്ഞു.
ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങളിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കമാൻഡർ മുഹമ്മദ് പക്പൂരും ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദേയും കൊല്ലപ്പെട്ടു.

