ചെന്നൈ : ടിവികെ എം എൽ എയ്ക്കെതിരെ വനിതാ കലക്ടർ ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയിൽ വിജയ് സർക്കാർ നടപടിയെടുക്കാൻ തയ്യാറാകാത്തതിനെ വിമർശിച്ച് ഹൈക്കോടതി. കള്ളക്കുറിച്ചി എം എൽ എ അരുൾ വിഘ്നേശാണ് വനിതാ ജില്ലാ കലക്ടർക്ക് വാട്സാപ്പിൽ അശ്ലീല സന്ദേശങ്ങൾ അയക്കുകയും, മദ്യലഹരിയിൽ കലക്ടറുടെ വീടിനുള്ളിൽ കടക്കാൻ ശ്രമിക്കുകയും ചെയ്തത്. കലക്ടറുടെ ഭർത്താവാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വിജയ് സർക്കാർ നടപടികൾ സ്വീകരിക്കാത്തതിനെതിരെയാണ് ജസ്റ്റിസ് ലക്ഷ്മീ നാരായണൻ രംഗത്തെത്തിയത്.
സർക്കാർ ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് ചോദിച്ച കോടതി മാസങ്ങൾക്ക് മുൻപ് തന്നെ ആരോപണങ്ങളെ പറ്റി വ്യക്തമായ അറിവ് ലഭിച്ചിട്ടും എന്ത് നടപടിയാണ് എടുത്തതെന്നും ആരാഞ്ഞു. ജില്ലാ കലക്ടർക്ക് എം എൽ എ അശ്ലീല സന്ദേശങ്ങൾ അയക്കുകയും അനുചിതമായി പെരുമാറുകയും ചെയ്തുവെന്ന് ആരോപിച്ചുള്ള ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം.
സർക്കാർ ഈ വിഷയത്തിൽ അനാസ്ഥയാണ് കാട്ടിയതെന്നും , വിഷയം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും കോടതി വ്യക്തമാക്കി. ‘ നിങ്ങൾ ചിലരെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്ന സൂചന എനിക്ക് ലഭിച്ചാൽ അത് നിങ്ങൾക്ക് തന്നെ നാണക്കേടുണ്ടാക്കും ‘ എന്നാണ് ജസ്റ്റിസ് ലക്ഷ്മിനാരായണന്റെ മുന്നറിയിപ്പ്.
ജൂലൈ 31 ന് ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ എന്തുകൊണ്ട് സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചില്ലെന്ന് ചോദിച്ച കോടതി, ഇത്തരത്തിൽ കാലതാമസം ഉണ്ടായതിന്റെ കാരണവും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്ന് വാദിച്ച സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ ആർ. ജോൺ സത്യനെ കോടതി ശാസിച്ചു.
‘ കേസ് കൈകാര്യം ചെയ്ത രീതിയിൽ കോടതിയ്ക്കുണ്ടായ അതൃപ്തി മറയ്ക്കാൻ ആകില്ല. ഈ സന്ദേശങ്ങളിൽ എന്തുകൊണ്ട് നടപടിയെടുത്തില്ല. ഇതിനായി നിങ്ങൾ എന്ത് ചെയ്തു, നടപടിയെടുക്കാൻ കോടതി തന്നെ നിർദേശിക്കണോ. ചീഫ് സെക്രട്ടറിയായാലും, തൂപ്പുകാരിയായാലും എല്ലാ സ്ത്രീകൾക്കും സംരക്ഷണം ലഭിക്കണം . ഒരു സ്ത്രീ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാൻ ഒരാൾ സ്ത്രീ ആകണമെന്നില്ല .‘ എന്നും കോടതി ചൂണ്ടിക്കാട്ടി.

