ടെൽ അവീവ്: ഇസ്രായേൽ നഗരമായ ബിയർ ഷെവയിൽ ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തി. മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇസ്രായേലും ഇറാനും വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം.
ഇറാൻ ആക്രമണങ്ങളിൽ ബിയർ ഷെവയിലെ മൂന്ന് കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ചില ആളുകൾ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയുണ്ടെന്ന് ഇസ്രായേലിന്റെ അടിയന്തര ഏജൻസിയുടെ തലവൻ എലി ബെൻ-ഹമദ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം വെടിനിർത്തൽ സംബന്ധിച്ച് ഒരു കരാറുമില്ലെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട്, ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചി വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതായി സൂചിപ്പിച്ചു. എന്നാൽ ഇതുവരെ, വെടിനിർത്തൽ കരാറിനെക്കുറിച്ച് ഇസ്രായേലിൽ നിന്ന് ഔദ്യോഗിക പ്രസ്താവനയൊന്നും ഉണ്ടായിട്ടില്ല.
ഇസ്രായേലുമായുള്ള യുദ്ധത്തിൽ പങ്ക് ചേർന്ന് രണ്ട് ദിവസം മുൻപാണ് യുഎസ് ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിച്ചത് . ഇറാനിൽ അമേരിക്ക ബോംബാക്രമണം നടത്തിയതിന് പ്രതികാരമായി, യുഎസ് സൈനികരെ പാർപ്പിക്കുന്ന ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെയാണ് ഇറാന്റെ മിസൈലാക്രമണം ഉണ്ടായത് . 12 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തത്. . ഖത്തറിലെയും ഇറാഖിലെയും വ്യോമതാവളങ്ങളിൽ മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ആക്രമണത്തിനുശേഷം, ഖത്തർ വ്യോമാതിർത്തി അടച്ചു.
ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന ഇറാനിയൻ മുന്നറിയിപ്പിനെത്തുടർന്ന് ഖത്തർ തങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചിരുന്നു . അതിനു തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്. സ്ഫോടനങ്ങൾ ഉണ്ടായെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി ഔദ്യോഗിക സ്ഥിരീകരണമില്ല.

