വാഷിംഗ്ടൺ : ഇറാനിലെ പെട്രോ കെമിക്കൽ പ്ലാന്റുകൾ ആക്രമിച്ച് ഇസ്രായേൽ . പ്ലാന്റുകൾക്ക് ഗുരുതര തകരാറുണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇസ്രായേൽ വ്യോമത്താവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ അധികൃതരും വ്യക്തമാക്കി. സംഘർഷത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാബിനറ്റ് വിളിച്ച് ചേർത്തു.
ലെബനനിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ് . ടെഹ്റാനിലും, ഇസ്ഫഹാനിലും ഇസ്രായേൽ ആക്രമണം നടത്തി. ഏപ്രിൽ 8 ന് താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിനു ശേഷം ഇറാനും, ഇസ്രായേലും തമ്മിൽ നേരിട്ട് നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. യുഎസിന്റെ നിർദേശം അവഗണിച്ചാണ് ഇസ്രായേൽ ഇറാനെ ആക്രമിച്ചത്. ഇതോടെ യുഎസ്-ഇറാൻ ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലായി.
ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഇറാൻ പടിഞ്ഞാറൻ വ്യോമാതിർത്തി അടച്ചതായും റിപ്പോർട്ടുണ്ട്.ലെബനനെ ആക്രമിച്ചതിനു മറുപടിയായാണ് ഇറാൻ ഇസ്രായേലിനെ ആക്രമിച്ചത്. യുഎസുമായുള്ള സമാധാനക്കരാർ സാധ്യമാകണമെങ്കിൽ ലബനനെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ നിലപാട്. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഞായറാഴ്ച്ച ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു.
ലബനനിലെ ആക്രമണം താൽക്കാലികമായി അവസാനിപ്പിക്കണമെന്ന യുഎസ് അഭ്യർത്ഥന തള്ളിയായിരുന്നു ഇസ്രായേൽ ആക്രമണം . ഇറാന്റെ പിന്തുണയോടെ ഹിസ്ബുള്ള തങ്ങളെ ആക്രമിച്ചതായും ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ത്യക്കാർ ഇറാനിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ മടങ്ങണമെന്നും എംബസി നിർദേശിച്ചു. ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം.

