വാഷിംഗ്ടൺ : അമേരിക്കയിൽ ഭാര്യയുടെയും, മകന്റെയും മുന്നിൽ വച്ച് ഗൃഹനാഥനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഡാളസിലെ മോട്ടലിലാണ് സംഭവം . 50 വയസ്സുകാരൻ നാഗമല്ലയ്യയാണ് കൊല്ലപ്പെട്ടത് . കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് യോർഡാനിസ് കോബോസ്-മാർട്ടിനെസ് എന്നയാളെ അറസ്റ്റ് ചെയ്തു. വാഷിംഗ് മെഷീനിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. ആക്രമണത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട് . ഇതിൽ നാഗമല്ലയ്യ നിലവിളിച്ച് ജീവനുവേണ്ടി ഓടുന്നതും കോബോസ് പിന്തുടർന്ന് വെട്ടിക്കൊല്ലുന്നതും കാണാം.
കോബോസ്-മാർട്ടിനെസും ഒരു വനിതാ സഹപ്രവർത്തകയും മോട്ടൽ മുറി വൃത്തിയാക്കുന്നതിനിടെ, തകർന്ന വാഷിംഗ് മെഷീൻ ഉപയോഗിക്കരുതെന്ന് നാഗമല്ലയ്യ പറഞ്ഞിരുന്നു.ഇത് നാഗമല്ലയ്യ നേരിട്ട് തന്നോട് പറയാതിരുന്നതാണ് കോബോസിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത് .
കോബോസ്-മാർട്ടിനെസ് മുറിയിൽ നിന്ന് പുറത്തുപോകുന്നതും വടിവാളുമായി എത്തി ആക്രമണം നടത്തുന്നതും ദൃശ്യങ്ങളിൽ കാണാം . മോട്ടലിന്റെ മുൻ ഓഫീസിലുണ്ടായിരുന്ന നാഗമല്ലയ്യയുടെ ഭാര്യയും മകനും രക്ഷിക്കാൻ ഓടിയെത്തിയെങ്കിലും കോബോസ് തള്ളിമാറ്റിയെന്ന് പൊലീസ് പറയുന്നു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന് വ്യക്തമല്ല.ഹ്യൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ നാഗമല്ലയ്യയുടെ കൊലപാതകത്തിൽ ഞെട്ടലും ദുഃഖവും പ്രകടിപ്പിച്ചു.

