കോയമ്പത്തൂർ : തമിഴ്നാട്ടിൽ നിന്ന് 31 അനധികൃത ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്ത് ഭീകരവിരുദ്ധ സ്ക്വാഡ് . തിരുപ്പൂർ പല്ലടം മേഖലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത് . ബനിയൻ കമ്പനികളിൽ പണിയെടുക്കുകയായിരുന്നു ഇവർ .
വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് ധാരാളം ബംഗ്ലാദേശി പൗരന്മാർ ഇവിടെ ജോലിയ്ക്ക് കയറിയതായി എടിഎസിന് രഹസ്യവിവരം ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന റെയ്ഡിനൊടുവിലാണ് 31 പേർ പിടിയിലായത് .
“ തിരുപ്പൂർ ജില്ലയിലെ ബനിയൻ കമ്പനികളിൽ ധാരാളം ബംഗ്ലാദേശികൾ ജോലി ചെയ്യുന്നതായും , അവിടങ്ങളിൽ താമസിക്കുന്നതായും കോയമ്പത്തൂർ ഭീകരവിരുദ്ധ സംഘത്തിനു വിവരം ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ വ്യാജ ആധാർ കാർഡുകൾ വഴി തൊഴിൽ നേടി തമിഴ്നാട്ടിൽ താമസമാക്കിയ 31 ബംഗ്ലാദേശികളെ പോലീസ് അറസ്റ്റ് ചെയ്തു “ കോയമ്പത്തൂർ പോലീസ് സൂപ്രണ്ട് ബദ്രി നാരായണൻ പറഞ്ഞു. ഇവരിൽ നിന്ന് വ്യാജ ആധാർ കാർഡുകളും പാൻ കാർഡുകളും കണ്ടെടുത്തു.
ഈ ആഴ്ച ആദ്യം പല്ലടത്തെ മഹാലക്ഷ്മി നഗർ പ്രദേശത്ത് അനധികൃതമായി ജോലി ചെയ്തതിനും താമസിച്ചതിനും ആറ് ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഈ നടപടി.