ഗാസ ; ഹമാസ് തലവൻ മുഹമ്മദ് സിൻവാറിനെ സൈന്യം വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . കഴിഞ്ഞ വർഷം ഇസ്രായേൽ സൈന്യവുമായുള്ള വെടിവയ്പ്പിൽ കൊല്ലപ്പെട്ട മുൻ ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഇളയ സഹോദരനായിരുന്നു മുഹമ്മദ് സിൻവാർ.ഇസ്രായേൽ സൈന്യം വളരെക്കാലമായി തിരയുകയായിരുന്നു മുഹമ്മദ് സിൻവാറിനെയെന്നാണ് റിപ്പോർട്ട്.
മെയ് 14 ന് ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ മുഹമ്മദ് സിൻവാറിന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ സമയത്ത് ഇസ്രായേൽ പ്രതിരോധ സേനയ്ക്കോ ഐഡിഎഫിനോ ഹമാസ് മേധാവി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.
ഗാസയിൽ അവശേഷിച്ച അവസാനത്തെ ഉന്നത ഹമാസ് കമാൻഡർമാരിൽ ഒരാളായ മുഹമ്മദ് സിൻവാർ ഒളിവിലായിരുന്നു. . സിൻവാർ ഒളിവിൽ കഴിഞ്ഞ സ്ഥലം ഒരു കമാൻഡ് സെന്ററായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. മെയ് 14 ന് ഇസ്രായേൽ പ്രതിരോധ സേന ഡ്രോൺ ആക്രമണത്തിൽ കമാൻഡ് സെന്ററിനെ ആക്രമിച്ചു. ഖാൻ യൂനിസിലെ യൂറോപ്യൻ ആശുപത്രിയുടെ താഴെയായിരുന്നു കമാൻഡ് സെന്റർ സ്ഥിതി ചെയ്യുന്നത്. ആക്രമണത്തിന് ശേഷം ഇസ്രായേൽ സൈന്യം ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു.

