ഇസ്ലാമാബാദ് : സാമ്പത്തിക സഹായം തേടി തനിക്കും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനും മറ്റ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് .
മുൻനിര പാകിസ്ഥാൻ കയറ്റുമതിക്കാരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഷെഹ്ബാസ് ഷെരീഫിന്റെ തുറന്നുപറച്ചിൽ . രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കാരണം തന്റെ സർക്കാരിന് എടുക്കേണ്ടി വന്ന തീരുമാനങ്ങളെക്കുറിച്ചും ഷെഹ്ബാസ് ഷെരീഫ് സംസാരിച്ചു.
“വിദേശ വിനിമയ കരുതൽ ശേഖരം ഏതാണ്ട് ഇരട്ടിയായി എന്നതാണ് നിലവിലെ സാഹചര്യം. എന്നാൽ നമ്മുടെ സുഹൃത്തുക്കളുടെയും രാജ്യങ്ങളുടെയും വായ്പകൾ ഇതിൽ ഉൾപ്പെടുന്നു. വായ്പ എടുക്കാൻ പോകുന്നവന്റെ തല കുനിഞ്ഞിരിക്കുമെന്ന് നിങ്ങൾക്കറിയാം.ഫീൽഡ് മാർഷൽ അസിം മുനീറും ഞാനും ലോകമെമ്പാടും പണത്തിനായി യാചിക്കുമ്പോൾ ഞങ്ങൾക്ക് ലജ്ജ തോന്നുന്നു. വായ്പ എടുക്കുന്നത് ഞങ്ങളുടെ ആത്മാഭിമാനത്തിന് വലിയ ഭാരമാണ്. ഞങ്ങളുടെ തലകൾ ലജ്ജയാൽ കുനിഞ്ഞു പോകുന്നു. അവർ നമ്മളോട് ചെയ്യാൻ പറയുന്ന പല കാര്യങ്ങളും വേണ്ടെന്ന് പറയാൻ ഞങ്ങൾക്ക് പറ്റുന്നില്ല.“ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതിക്കായി പാകിസ്ഥാൻ അന്താരാഷ്ട്ര നാണയ നിധിയുമായി സജീവ ചർച്ചകൾ നടത്തുന്ന സമയത്താണ് പാക് പ്രധാനമന്ത്രിയുടെ ഈ പരാമർശങ്ങൾ.വ്യാവസായിക വളർച്ചയെ പിന്തുണയ്ക്കാൻ തന്റെ സർക്കാർ സെൻട്രൽ ബാങ്കിനോടും ധനകാര്യ മന്ത്രാലയത്തോടും നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎംഎഫിൽ നിന്ന് പാകിസ്ഥാന് അടുത്തിടെ 1.2 ബില്യൺ ഡോളർ ലഭിച്ചിരുന്നു. എന്നാൽ ഇത് പാകിസ്ഥാന് കടം തിരിച്ചടയ്ക്കാനും വിദേശ കരുതൽ ശേഖരം വർദ്ധിപ്പിക്കാനുമാണ് പ്രയോജനപ്പെട്ടത് .

