കൊൽക്കത്ത : ഭർത്താവിന്റെ വൃക്ക വിറ്റു കിട്ടിയ പണവുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ സംക്രയിലിൽ നിന്നുള്ള യുവതിയാണ് ഭർത്താവിന്റെ വൃക്ക വിറ്റു കിട്ടിയ 10 ലക്ഷം രൂപയുമായി കാമുകനൊപ്പം പോയത്.മകളുടെ വിദ്യാഭ്യാസത്തിനും മറ്റും പണം സ്വരൂപിക്കാനെന്ന പേരിൽ യുവതി തന്നെയാണ് ഭർത്താവിനെ 10 ലക്ഷം രൂപയ്ക്ക് വൃക്ക വിൽക്കാൻ നിർബന്ധിച്ചത്.
ഒരു വർഷം നീണ്ട തിരച്ചിലിന് ശേഷം, മൂന്ന് മാസം മുമ്പ് ഭർത്താവ് വൃക്ക വിൽക്കുകയായിരുന്നു. കിട്ടുന്ന പണം കൊണ്ട് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് വിശ്വസിച്ച യുവാവിന്റെ പ്രതീക്ഷകൾ തകർത്താണ് ഭാര്യ പണവുമായി ഒളിച്ചോടിയത്. ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ യുവാവ് ശ്രമിക്കുന്നതിനിടയിൽ, ഭാര്യ ബാരക്പൂരിൽ നിന്നുള്ള മറ്റൊരാളുമായി ഒളിച്ചോടുകയായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പമാണ് ഭാര്യ കടന്നു കളഞ്ഞതെന്ന് ഭർത്താവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇതിനിടെ യുവതി കാമുകനൊപ്പം അയാളുടെ ഗ്രാമത്തിൽ താമസമായി . യുവതിയെ മടക്കി വിളിക്കാൻ ഭർത്താവ് 10 വയസുള്ള മകൾക്കൊപ്പം വന്നെങ്കിലും മടങ്ങി വരാൻ തയ്യാറായില്ലെന്ന് മാത്രമല്ല യുവതി ഭർത്താവിനെ ആക്ഷേപിക്കുകയും ചെയ്തു.