ചെന്നൈ : വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തമിഴഗ വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ് വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോൾ കോൺഗ്രസുമായി സഖ്യത്തിനുള്ള സാധ്യത സൂചിപ്പിക്കുകയാണ് വിജയുടെ പിതാവ് എസ്.എ. ചന്ദ്രശേഖർ .
ടിവികെ കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും, കോൺഗ്രസ് പാർട്ടി ചരിത്രവും സംസ്കാരവും ഉൾക്കൊള്ളുന്നതാണെന്നും ചന്ദ്രശേഖർ പറഞ്ഞു. സ്വാതന്ത്ര്യത്തിനായി പോരാടിയ പാർട്ടി ഇപ്പോൾ തകർച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു. വിജയുമായുള്ള സഖ്യം പാർട്ടിയുടെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാൻ സഹായിക്കുമെന്ന് ചന്ദ്രശേഖർ പറഞ്ഞു.
“വിജയ് തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. രാഷ്ട്രീയത്തിലെ പുതുമുഖങ്ങൾക്ക് തടസ്സങ്ങൾ നേരിടേണ്ടിവരുന്നത് സാധാരണമാണ്. വിജയ് സ്വതന്ത്രനായി മത്സരിച്ചാലും വിജയം ഉറപ്പാണ്,” എസ്.എ. ചന്ദ്രശേഖർ പറഞ്ഞു. അതേസമയം, ‘ജന നായകൻ’ എന്ന സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു. സ്വാഭാവിക നീതി പാലിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, വിഷയം പുനഃപരിശോധനയ്ക്കായി സിംഗിൾ ബെഞ്ചിലേക്ക് തിരിച്ചയച്ചു.
ഈ വിഷയത്തിൽ വിജയെ പിന്തുണച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെ വിജയ് കോൺഗ്രസുമായി കൈകോർക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

