ചെന്നൈ : തമിഴകത്തിന്റെ മുതലമൈച്ചറായി നടനും, ടിവികെ നേതാവുമായി വിജയ് അധികാരമേറ്റു. ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ തമിഴ്നാടിന്റെ 9-ാമത് മുഖ്യമന്ത്രിയായാണ് ടിവികെ മേധാവി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തത് . ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. വേദിയിൽ വന്ദേമാതരം, ദേശീയ ഗാനം ജനഗണ മന എന്നിവ ആലപിച്ച ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ നടൻ വിജയ് യെ ക്ഷണിക്കുകയായിരുന്നു.
നിരവധി ടിവികെ നേതാക്കളും രാഹുൽ ഗാന്ധിയും ചടങ്ങിൽ വേദിയിൽ സന്നിഹിതരായിരുന്നു. വിജയ്ക്കൊപ്പം ഒമ്പത് ടിവികെ എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തു. പൊതുഭരണം, ആഭ്യന്തരം എന്നീ വകുപ്പുകൾ വിജയ് വഹിക്കും. കെ. എ. സെങ്കോട്ടയ്യൻ, ആദവ് അർജുന, എൻ. ആനന്ദ്, അരുൺ രാജ്, നിർമ്മൽ കുമാർ, രാജ്മോഹൻ, കെ. പി. വെങ്കിട്ടരാമൻ, ഡോ. ടി. കെ. പ്രഭു എന്നിവരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു.
ശനിയാഴ്ച രാവിലെ ലോക് ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് സർക്കാർ രൂപീകരിക്കാൻ 121 എംഎൽഎമാരുടെ പിന്തുണാ കത്തുകൾ വിജയ് സമർപ്പിച്ചിരുന്നു . ഭൂരിപക്ഷം തെളിയിക്കാൻ 118 എംഎൽഎമാർ ആവശ്യമായിരുന്നു. ഇതിൽ ടിവികെയ്ക്ക് 108 ഉം കോൺഗ്രസിന് 5 ഉം സിപിഐക്കും സിപിഐഎമ്മിനും രണ്ട് എംഎൽഎമാർ വീതവുമുണ്ട്. ഇവരെ കൂടാതെ, 2 എംഎൽഎമാർ വീതമുള്ള വിസികെയും ഐയുഎംഎല്ലും ടിവികെയ്ക്ക് പിന്തുണ നൽകിയിട്ടുണ്ട്.
എംഎൽഎമാരുടെ പിന്തുണാ കത്തുകൾ പരിശോധിച്ച ശേഷമാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അദ്ദേഹത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്. ക്ഷണം ലഭിച്ചയുടനെ വിജയ്യുടെ അനുയായികൾ ആഘോഷവും തുടങ്ങിയിരുന്നു.

