ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പാടിയത് ലോക്ഭവന്റെ നിർദേശ പ്രകാരമെന്ന് മന്ത്രി ആദവ് അർജുന. കേന്ദ്ര സർക്കാർ സർക്കുലർ അനുസരിക്കണമെന്ന് ലോക് ഭവൻ സമ്മർദ്ദം ചെലുത്തിയെന്നും ഇനി അങ്ങിനെ ഉണ്ടാകില്ലെന്നും തമിഴ് തായ് വാഴ്ത്ത് ആദ്യം പാടുമെന്നും ആദവ് അർജുന പറഞ്ഞു.
ചടങ്ങിൽ വന്ദേമാതരം പാടിയതിനെതിരെ കമ്യൂണിസ്റ്റ് പാർട്ടികൾ രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സഭയിൽ മറുപടി പറയണമെന്നും സിപിഐ ആവശ്യപ്പെട്ടു. അതിനു പിന്നാലെയാണ് ടിവികെയുടെ വിശദീകരണം. തമിഴ്നാട്ടിലെ സർക്കാർ പരിപാടികൾക്കടക്കം ആദ്യം പാടിയിരുന്നത് തമിഴ് തായ് വാഴ്ത്തായിരുന്നു. അതാണ് വിജയ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മാറിയത്. വന്ദേമാതരത്തിനും ദേശഭക്തിഗാനത്തിനും ശേഷമാണ് തമിഴ് തായ് വാഴ്ത്ത് പാടിയത്.ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൂടി ഇരുന്ന വേദിയിലായിരുന്നു വന്ദേമാതരം ആദ്യം പാടിയത്.
ബിജെപിയെ സന്തോഷിപ്പിയ്ക്കാനായാണ് വിജയ് ഇത് ചെയ്തത് എന്നായിരുന്നു ഡിഎംകെയുടെ ആരോപണം. തമിഴ് നാടിനെയും തമിഴ് ജനതയെയും ടിവികെ അവഹേളിച്ചുവെന്നും ഡിഎംകെ കുറ്റപ്പെടുത്തി. ഇതാണോ വിജയ് കൊണ്ട് വരാൻ ശ്രമിച്ച മാറ്റം എന്നും ഡിഎംകെ ചോദിച്ചു.
സ്റ്റാലിൻ സർക്കാർ അധികാരത്തിലിരുന്ന സമയത്ത് ദേശീയഗാനം അവസാനമാണ് ആലപിച്ചിരുന്നത്. ഇതിനെ ചൊല്ലി മുൻഗവർണർ ആർ എൻ രവിയും എം കെ സ്റ്റാലിനും തമ്മിൽ തർക്കങ്ങളും പതിവായിരുന്നു.

