ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ വെടിവയ്പ്പിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യൻ പതാക വഹിക്കുന്ന രണ്ട് കപ്പലുകൾക്ക് നേരെയായിരുന്നു ഇറാനിയൻ ഗൺബോട്ടുകൾ വെടിയുതിർത്തത്.
ആർക്കും പരിക്കേറ്റിട്ടില്ലെന്നും കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒമാന്റെ വടക്കുകിഴക്കൻ ഷിപ്പിംഗ് ലെയിനിലാണ് സംഭവം . വെടിവയ്പ്പ് ഉണ്ടായതോടെ കപ്പലുകൾ തിരിച്ചുപോയി . ഒരു കപ്പൽ അസംസ്കൃത എണ്ണ വഹിച്ചുകൊണ്ട് ഇന്ത്യയിലേക്ക് വരികയായിരുന്നു.
സംഭവത്തെത്തുടർന്ന്, കേന്ദ്ര സർക്കാർ ഡൽഹിയിലെ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ വ്യാപാര കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തിൽ രാജ്യത്തിനുള്ള ആശങ്കയും പ്രതിഷേധവും വിദേശകാര്യ സെക്രട്ടറി ഇറാൻ സ്ഥാനപതിയെ അറിയിച്ചതായും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

