ചെന്നൈ: കരൂരിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ച് തമിഴഗ വെട്രി കഴകം നേതാവും, നടനുമായ വിജയ് . ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ വീഡിയോ കോളുകൾ വഴി അദ്ദേഹം ബന്ധപ്പെടാൻ തുടങ്ങിയതായി നടനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ദുരന്തത്തിൽ ഭാര്യയെയും മകളെയും നഷ്ടപ്പെട്ട എമൂർ പുത്തൂർ ഗ്രാമവാസിയായ കെ ശക്തിവേൽ കഴിഞ്ഞ ദിവസം വിജയ് തന്നോട് സംസാരിച്ചതായി പറഞ്ഞു. സ്ഥലം ഉടൻ സന്ദർശിക്കുമെന്ന് വിജയ് ഉറപ്പ് നൽകി . വിജയ് തന്നോട് രണ്ട് മിനിറ്റ് സംസാരിച്ചതായി ശക്തിവേൽ പറഞ്ഞു. പ്രദേശത്തെ ടിവികെ അംഗങ്ങൾ ശക്തിവേലിനെ ആശ്വസിപ്പിക്കുകയും വിജയ് കരൂർ സന്ദർശിക്കാൻ വരുമ്പോൾ എന്തും ചോദിക്കാമെന്ന് പറയുകയും ചെയ്തു.
ഇരകൾക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്ന തീയതി ടിവികെ ഉടൻ പ്രഖ്യാപിക്കും. ദുരന്തത്തിൽ 22 വയസ്സുള്ള ഭാര്യയെ നഷ്ടപ്പെട്ട പുതുപ്പട്ടി സ്വദേശി എസ് സുധനുമായും വിജയ് സംസാരിച്ചു. വിജയ് തന്നെ കാണാൻ എത്തുമെന്ന് പറഞ്ഞതായി സുധൻ വെളിപ്പെടുത്തി. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ധനുഷ് കുമാറിന്റെ അമ്മയുമായും സഹോദരിയുമായും വിജയ് സംസാരിച്ചതായി ബന്ധു പറഞ്ഞു. ദുഃഖം പ്രകടിപ്പിച്ച വിജയ് ഫോൺ സംഭാഷണത്തിനിടെ വളരെ നേരം മൗനത്തിലായിരുന്നുവെന്ന് ബന്ധു തമിഴരസൻ പറഞ്ഞു. അതേസമയം, കോളുകൾ റെക്കോർഡ് ചെയ്യരുതെന്നും ഫോട്ടോ എടുക്കരുതെന്നും പാർട്ടി പ്രവർത്തകർ അഭ്യർത്ഥിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു.

