ദുബായ്: ഏഷ്യാ കപ്പിലെ ഏറ്റവും ആവേശകരമായ അവസാന സൂപ്പർ ഫോർ മത്സരത്തിൽ, സൂപ്പർ ഓവറിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ 5ന് 202 എന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്തി. എന്നാൽ മറുപടി ബാറ്റിംഗിൽ ശ്രീലങ്കയും അതേ ടോട്ടലിൽ കളി അവസാനിപ്പിച്ചതോടെ മത്സരം ടൈ ആയി. ഇതോടെ വിജയിയെ നിശ്ചയിക്കാൻ സൂപ്പർ ഓവർ അനിവാര്യമായി വരികയായിരുന്നു.
ചേസ് ചെയ്ത ടീം എന്ന നിലയിൽ ശ്രീലങ്കയ്ക്ക് ആയിരുന്നു സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്യാൻ അവസരം. ലങ്കയ്ക്ക് വേണ്ടി കുശാൽ പെരേരയും ദസുൻ ശനകയുമാണ് ക്രീസിലേക്ക് എത്തിയത്. ബൗൾ ചെയ്യാൻ ഇന്ത്യ അർഷ്ദീപ് സിംഗിനെയും നിയോഗിച്ചു. ആദ്യ പന്തിൽ തന്നെ പെരേരയെ അർഷ്ദീപ് റിങ്കു സിംഗിന്റെ കൈകളിൽ എത്തിച്ചു. കമിന്ദു മെൻഡിസ് ആണ് പിന്നീട് ക്രീസിലേക്ക് എത്തിയത്. രണ്ടാമത്തെ പന്തിൽ കമിന്ദു സിംഗിൾ നേടി. മൂന്നാമത്തെ പന്തിൽ ശനകയ്ക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. നാലാമത്തെ പന്ത് വൈഡ് ആയതോടെ ശ്രീലങ്ക 1ന് 2 എന്ന നിലയിലായി.
വീണ്ടും എറിഞ്ഞ നാലാം പന്താണ് നാടകീയതകൾക്ക് തിരി കൊളുത്തിയത്. ഓഫ് സ്റ്റമ്പിന് പുറത്തേക്ക് ചെറിയ ശബ്ദത്തോടെ മൂളിപ്പാഞ്ഞ പന്ത് കൈപ്പിടിയിൽ ഒതുക്കിയ വിക്കറ്റ് കീപ്പർ സഞ്ജു അത് സ്റ്റമ്പിന് നേർക്ക് എറിഞ്ഞു. അപ്പോൾ ശ്രീലങ്കയുടെ ഇരു ബാറ്റ്സ്മാന്മാരും വിക്കറ്റിന് നടുവിൽ ആയിരുന്നതിനാൽ റൺ ഔട്ട് എന്ന പ്രതീതി ഉളവായി. എന്നാൽ ബൗളിംഗ് എൻഡിലെ അമ്പയറെ നോക്കി അർഷ്ദീപ് അപ്പീൽ ചെയ്യുകയും, അമ്പയർ കീപ്പർ ക്യാച്ച് അനുവദിക്കുകയും ചെയ്തു. ഈ തീരുമാനം ശനക റിവ്യൂ ചെയ്തതോടെ വീണ്ടും അനിശ്ചിതത്വം.
റിവ്യൂവിൽ പന്ത് ബാറ്റിൽ കൊണ്ടില്ല എന്ന് വ്യക്തമായി. എന്നാൽ റൺ ഔട്ടും നിഷേധിക്കപ്പെട്ടു. ഇത് ചോദ്യം ചെയ്ത ഇന്ത്യൻ ടീമിനോട് അമ്പയർ ഗാസി സൊഹേൽ നിയമം വിശദീകരിച്ചു. അത് ഇപ്രകാരമായിരുന്നു, അമ്പയറുടെ ആദ്യ തീരുമാനം കീപ്പർ ക്യാച്ച് എന്നതായിരുന്നു. അതോടെ റിവ്യൂ നിയമ പ്രകാരം ബോൾ ഡെഡ് ആയി. റിവ്യൂവിൽ ക്യാച്ച് അല്ലെന്ന് വ്യക്തമാകുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങളിൽ അമ്പയറുടെ ആദ്യ തീരുമാനത്തിനാണ് മുൻതൂക്കം. അതിനാൽ അമ്പയറുടെ വിരൽ ഔട്ട് അനുവദിച്ച് ഉയർന്ന നിമിഷം തന്നെ ബോൾ ഡെഡ് ആയി. ഡെഡ് ബോളിൽ റൺ ഔട്ട് പോലും അനുവദനീയമല്ല. ഈ നിയമപ്രകാരം, സഞ്ജുവിന്റെ ത്രോ വിക്കറ്റ് ഇളക്കുമ്പോൾ ക്രീസിൽ നിന്നും ബഹുദൂരം വെളിയിൽ ആയിരുന്നിട്ടും, ശനക റൺ ഔട്ടിൽ നിന്നും രക്ഷപ്പെട്ടു.
ഇവിടെ പിഴവ് ആരുടെ ഭാഗത്താണ് എന്നത് തർക്ക വിഷയമാണ്. അർഷ്ദീപ് അപ്പീൽ ചെയ്തില്ലായിരുന്നുവെങ്കിൽ റൺ ഔട്ട് ലഭിക്കുമായിരുന്നു. എന്നാൽ, അർഷ്ദീപ് അപ്പീൽ ചെയ്തതോടെ കീപ്പർ ക്യാച്ച് അനുവദിക്കപ്പെട്ടു. ഇതാണ് ശനകയെ റിവ്യൂ എടുക്കാൻ പ്രേരിപ്പിച്ചത്. റിവ്യൂവിൽ ഔട്ട് എന്ന തീരുമാനം റദ്ദാക്കപ്പെട്ടതോടെ, സ്വാഭാവികമായി ലഭിക്കേണ്ട റൺ ഔട്ടും നിഷേധിക്കപ്പെടുകയായിരുന്നു.
എന്നാൽ ഭാഗ്യത്തിന്റെ ആനുകൂല്യം അധിക നേരം ആസ്വദിക്കാൻ ശനകയ്ക്ക് സാധിച്ചില്ല. തൊട്ടടുത്ത പന്ത് ഡീപ് ബാക്ക്വേർഡ് പോയിന്റിലേക്ക് ഉയർത്തി അടിച്ച ശനകയെ ജിതേഷ് ശർമ്മ പിടികൂടി. അങ്ങനെ, തന്റെ പിഴവ് അർഷ്ദീപ് തന്നെ തിരുത്തിയതോടെ, ശ്രീലങ്കയുടെ സൂപ്പർ ഓവർ 2ന് 2 എന്ന സ്കോറിൽ തന്നെ അവസാനിച്ചു.
കേവലം 3 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് കാര്യങ്ങൾ അനായാസമായിരുന്നു. ഹസരംഗ എറിഞ്ഞ ആദ്യ ഗൂഗ്ലി തന്നെ ബാക്ക്ഫൂട്ടിൽ കവറിലെ ഗ്യാപ്പിലേക്ക് കളിച്ച സൂര്യകുമാർ വിജയലക്ഷ്യം ഓടിയെടുത്തു. ശുഭ്മാൻ ഗിൽ ആയിരുന്നു സൂര്യക്ക് കൂട്ടായി ഇറങ്ങിയത്.
അതേസമയം, സ്ഫോടനാത്മക ബാറ്റിംഗ് തുടരുന്ന ഓപ്പണർ അഭിഷേക് ശർമ്മയുടെ ഇന്നിംഗ്സാണ് ഇന്ത്യക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്. 31 പന്തിൽ 61 റൺസാണ് അഭിഷേക് നേടിയത്. തിലക് വർമ്മ 49 റൺസുമായും അക്ഷർ പട്ടേൽ 21 റൺസുമായും പുറത്താകാതെ നിന്നു. ഈ ടൂർണമെന്റിലെ സഞ്ജുവിന്റെ ഏറ്റവും ആത്മവിശ്വാസം തുളുമ്പിയ ഇന്നിംഗ്സ് 23 പന്തിൽ 39 റൺസിൽ അവസാനിച്ചു. ഒരു ഫോറിനൊപ്പം മനോഹരമായ മൂന്ന് സിക്സറുകളും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പറന്നു.
മറുവശത്ത് ഓപ്പണർ പാത്തും നിസ്സങ്കയുടെ സെഞ്ച്വറിയാണ് ശ്രീലങ്കയ്ക്ക് മുതൽക്കൂട്ടായത്. 58 പന്തിൽ 107 റൺസാണ് നിസ്സങ്ക നേടിയത്. ഇതിൽ 6 സിക്സറുകളും 7 ബൗണ്ടറികളും ഉൾപ്പെടുന്നു. 58 റൺസെടുത്ത കുശാൽ പെരേര നിസ്സങ്കയ്ക്ക് മികച്ച പിന്തുണ നൽകി. പത്തൊൻപതാം ഓവറിലെ ആദ്യ പന്തിൽ ദൗർഭാഗ്യകരമായി നിസ്സങ്ക പുറത്തായതാണ് ശ്രീലങ്കയ്ക്ക് വിജയം അന്യമാക്കിയത്.
ഇന്ത്യയും പാകിസ്താനും നേരത്തേ തന്നെ ഫൈനലിന് യോഗ്യത നേടുകയും ശ്രീലങ്ക പുറത്താകുകയും ചെയ്തിരുന്നതിനാൽ ഫലം അപ്രസക്തമായിരുന്ന മത്സരം അങ്ങനെ ടൂർണമെന്റിലെ ഏറ്റവും ആവേശകരമായ കളി എന്ന നിലയിൽ അവസാനിച്ചു. ഫൈനലിൽ ഞായറാഴ്ച ഇതേ വേദിയിൽ പാകിസ്താനെ നേരിടാൻ തയ്യാറെടുക്കുന്ന ഇന്ത്യക്ക് ഒരേ സമയം ആവേശകരവും ചിന്തിക്കാൻ അവസരം നൽകുന്നതുമായിരിക്കും ഈ ഫലം.

