ന്യൂഡൽഹി : ഭീകരവാദ ഭീഷണി കണക്കിലെടുത്ത് രാജ്യത്തുട നീളമുള്ള വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കാൻ നിർദേശം . സെപ്റ്റംബർ 22 നും ഒക്ടോബർ 2 നും ഇടയിൽ ഭീകരാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഭീഷണി കണക്കിലെടുത്താണ് വിമാനത്താവളങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിർദേശം നൽകിയത്.
“ലഭിച്ച വിവരങ്ങൾ കണക്കിലെടുത്ത്, വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, എയർഫീൽഡുകൾ, വ്യോമസേന സ്റ്റേഷനുകൾ, ഹെലിപാഡുകൾ തുടങ്ങിയ എല്ലാ സിവിൽ ഏവിയേഷൻ ഇൻസ്റ്റാളേഷനുകളിലും സുരക്ഷാ നടപടികൾ വർദ്ധിപ്പിക്കാൻ എല്ലാ വിമാനത്താവളങ്ങളിലും നിർദ്ദേശിച്ചിട്ടുണ്ട്,” എന്നാണ് ബിസിഎഎസ് പ്രസ്താവനയിൽ പറയുന്നത് . പോലീസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇന്റലിജൻസ് ബ്യൂറോ (ഐബി), മറ്റ് ഏജൻസികൾ എന്നിവരുമായി അടുത്ത ഏകോപനം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പാകിസ്ഥാൻ ഭീകര ഗ്രൂപ്പിന്റെ ആക്രമണഭീഷണി മുൻ നിർത്തിയാണ് മുൻ കരുതൽ നടപടികൾ. എല്ലാ ജീവനക്കാർക്കും, കോൺട്രാക്ടർമാർക്കും, സന്ദർശകർക്കും കർശനമായ ഐഡി പരിശോധനകൾ ഉണ്ടായിരിക്കണമെന്ന് ബിസിഎഎസ് നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ സിസിടിവി സംവിധാനങ്ങളും പൂർണ്ണമായും പ്രവർത്തനക്ഷമമായിരിക്കുകയും 24 മണിക്കൂറും നിരീക്ഷിക്കുകയും വേണം.

