ചെന്നൈ : നിയമപോരാട്ടങ്ങൾക്ക് താൻ തയ്യാറാണെന്ന് തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ . തൃഷ കൃഷ്ണനെ ലക്ഷ്യമിട്ട് നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ ഉദയനിധിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . അതിനു പിന്നാലെയാണ് ഉദയനിധിയുടെ പ്രതികരണം. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭയപ്പെടുന്നില്ലെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
“കർഷക പ്രശ്നങ്ങളെയും കാവേരി പ്രശ്നത്തെയും കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ഭരണകക്ഷിയുടെ പക്കൽ ഉത്തരമില്ല. എന്നെ കസ്റ്റഡിയിലെടുക്കുന്നത് ഇന്നലെ ഞാൻ ഉന്നയിച്ച ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണിത്. എന്റെ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ക്ലിപ്പുകൾ അവർ പ്രചരിപ്പിക്കുകയാണ്. ഇതിന്റെ അനന്തരഫലങ്ങൾ നേരിടാൻ ഞാൻ തയ്യാറാണ്. കെട്ടിച്ചമച്ച ഒരു കേസിനെ ഞാൻ ഭയപ്പെടുന്നില്ല,” ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
കാവേരി നദീജല തർക്ക വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയിനെ വിമർശിക്കുന്നതിനിടെയാണ് ഉദയനിധി തൃഷയെ ലക്ഷ്യമിട്ട് മോശം പരാമർശം നടത്തിയത് . കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 3 ന് തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഉദയനിധിയുടെ പരാമർശം. ടിവികെ നൽകിയ പരാതിയിലാണ് നടപടി . അതേസമയം തമിഴ്നാട്ടിൽ പലയിടങ്ങളിലായി ഡിഎംകെ പ്രവർത്തകരുടെ പ്രതിഷേധം അരങ്ങേറുകയാണ്.

