ബെംഗളൂരു : കർണാടകയിൽ മന്ത്രിസഭാ വികസനം നടന്നതിന് പിന്നാലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ അതൃപ്തി . മന്ത്രി സ്ഥാനങ്ങൾ ലഭിക്കാത്തതിൽ നിരവധി മുതിർന്ന നേതാക്കളും എംഎൽഎമാരും അസ്വസ്ഥരാണ്. അതേസമയം, പദവി ലഭിക്കാത്തവർ കാത്തിരിക്കണമെന്നാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാർ പറയുന്നത് .
ഏതെങ്കിലും എംഎൽഎ രാജിവയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മിനിറ്റുകൾക്കുള്ളിൽ താൻ അത് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതൃപ്തിയുള്ള നേതാക്കളോട് ക്ഷമയോടെ കാത്തിരിക്കാനും പാർട്ടിക്കൊപ്പം തുടരാനും അദ്ദേഹം അഭ്യർത്ഥിച്ചു.
മന്ത്രിസഭാ വികസനത്തിന് പിന്നാലെ, പുതിയ മന്ത്രിമാരോട് ചൊവ്വാഴ്ച മുതൽ വരൾച്ച ബാധിത ജില്ലകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. “സമയം പാഴാക്കരുത്. എല്ലാ മന്ത്രിമാരും നാളെ മുതൽ അവരവരുടെ ജില്ലകൾ സന്ദർശിക്കണം. എല്ലാ ക്രമീകരണങ്ങളും ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാവരും ഇതിൽ പങ്കാളികളാകണം” ശിവകുമാർ പറഞ്ഞു.
ഇരുപത് പുതിയ എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട് . മുഖ്യമന്ത്രിയായി അധികാരമേറ്റ് രണ്ട് മാസത്തിന് ശേഷമാണ് ഡികെ ശിവകുമാറിൻ്റെ മന്ത്രിസഭാ വിപുലീകരണം നടന്നത്. മന്ത്രി സ്ഥാനങ്ങൾ നിഷേധിക്കപ്പെട്ട നേതാക്കൾ ക്ഷമയോടെയിരിക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. തനിക്കും മന്ത്രി സ്ഥാനങ്ങൾ പലതവണ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ താൻ ഒരിക്കലും പാർട്ടി വിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“രാജിവയ്ക്കുന്നവർ രാഷ്ട്രീയം കളിക്കുകയാണ്. ആരെങ്കിലും രാജിവയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ തടയാൻ കഴിയില്ല. പക്ഷേ അവരുടെ ഭാവിയും പാർട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു” ശിവകുമാർ പറഞ്ഞു. ധരം സിംഗ്, സിദ്ധരാമയ്യ, മറ്റ് നേതാക്കൾ എന്നിവരുടെ കാലത്ത് തന്നെ പലതവണ അവഗണിച്ചെങ്കിലും ക്ഷമ നഷ്ടപ്പെട്ടില്ലെന്നും ഡി കെ ശിവകുമാർ പറഞ്ഞു.

