ചെന്നൈ: നടി തൃഷയ്ക്കെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാമർശവുമായി ബന്ധപ്പെട്ട് ടിവികെ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. നീലങ്കരൈയിലെ വസതിയിൽ നിന്നാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, ഉദയനിധിയെ കൊണ്ടുപോയ പോലീസ് വാഹനം ഡിഎംകെ പ്രവർത്തകർ തടയുകയും ഉദ്യോഗസ്ഥരുമായി ഉന്തും തള്ളും നടത്തുകയും ചെയ്തതിനെ തുടർന്ന് നാടകീയരംഗങ്ങളുമുണ്ടായി . പാർലമെന്റിലും, ഡിഎംകെ എംപിമാർ നേരെ പ്രതിഷേധിച്ചു.
ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ അമൽരാജും സ്ഥലത്തെത്തി. അതേസമയം, തൃഷയ്ക്കെതിരെ ഉദയനിധി നടത്തിയ മോശം പരാമർശത്തിനെതിരെ ടിവികെ പ്രവർത്തകർ തെരുവിലിറങ്ങി. കാവേരി നദീജല തർക്ക വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയിനെ വിമർശിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയെ ലക്ഷ്യമിട്ട് മോശം പരാമർശം നടത്തിയിരുന്നു. കാവേരി നദീജല തർക്കത്തിൽ ഓഗസ്റ്റ് 3 ന് തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഉദയനിധിയുടെ പരാമർശം.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനുപകരം തമിഴ്നാട് മുഖ്യമന്ത്രി മറ്റ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ഉദയനിധി ആരോപിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം സർക്കാർ രാഷ്ട്രീയ പ്രതികാര നടപടികളിലാണ് ഏർപ്പെടുന്നത്. ഡിഎംകെ പ്രവർത്തകർക്കെതിരെ വ്യാജ കേസുകൾ ഫയൽ ചെയ്യുന്നതിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയെന്ന് ഉദയനിധി പറഞ്ഞു. പിന്നാലെ വേദിക്ക് താഴെയുണ്ടായിരുന്ന ഡിഎംകെ പ്രവർത്തകർ തൃഷയുടെ പേര് വിളിച്ചു പറഞ്ഞു. ഇത് കേട്ട് ഉദയനിധി ചിരിച്ചു കൊണ്ട് മോശം പരാമർശം നടത്തുകയായിരുന്നു. ഇതിനെതിരെ ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു.

