ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് കൂറുമാറിയ ഏഴ് എംപിമാരുടെ ബിജെപിയിലേക്കുള്ള ലയനത്തിന് അംഗീകാരം ലഭിച്ചു. രാജ്യസഭാ ചെയർമാൻ ലയനത്തിന് അംഗീകാരം നൽകിയത് കെജ്രിവാളിന്റെ പാർട്ടിക്ക് കനത്ത തിരിച്ചടിയായി .
ഏഴ് ആം ആദ്മി പാർട്ടി എംപിമാർ ബിജെപിയിൽ ചേർന്നതോടെ, രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത അഞ്ച് അംഗങ്ങൾ ഉൾപ്പെടെ രാജ്യസഭയിലെ ആകെ ബിജെപി എംപിമാരുടെ എണ്ണം 113 ആയി. രാഘവ് ഛദ്ദ, അശോക് കുമാർ മിത്തൽ, ഹർഭജൻ സിംഗ്, സന്ദീപ് കുമാർ പഥക്, വിക്രംജീത് സിംഗ് സാഹ്നി, സ്വാതി മാലിവാൾ, രാജേന്ദ്ര ഗുപ്ത എന്നിവരാണ് ബിജെപിയിൽ ചേർന്ന ഏഴ് എംപിമാർ.
ബിജെപിയിൽ ചേർന്നവരെ അയോഗ്യരാക്കണമെന്ന് കഴിഞ്ഞ ദിവസം കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയാണ് പുതിയ നീക്കം .അതേസമയം ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് ശേഷം രാഘവ് ഛദ്ദ ആം ആദ്മി പാർട്ടിയെയും അരവിന്ദ് കെജ്രിവാളിനെയും രൂക്ഷമായി വിമർശിച്ചിരുന്നു . സത്യസന്ധരും കഠിനാധ്വാനികളുമായ ഓരോ വ്യക്തിക്കും ഇന്ന് ആം ആദ്മി പാർട്ടിയിൽ പ്രവർത്തിക്കാനാകില്ലെന്ന് രാഘവ് ഛദ്ദ പറഞ്ഞു.
ഇതിനുപുറമെ, നിരവധി നേതാക്കൾ ഒന്നൊന്നായി ആം ആദ്മി പാർട്ടി വിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടി അഴിമതിക്കാരുടെയും വിട്ടുവീഴ്ചക്കാരുടെയും കൈകളിലേക്ക് അകപ്പെട്ടിരിക്കുകയാണ് . ഇന്ന് ഡൽഹിയിൽ ശീഷ്മഹൽ രണ്ടാം ഭാഗം തയ്യാറായിട്ടുണ്ടെന്നും അതിന്റെ ചില ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും രാഘവ് ഛദ്ദ പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പിൽ തോൽക്കാൻ ഏറ്റവും വലിയ കാരണം ശീഷ്മഹലാണ്. ഈ വിഷയങ്ങളെല്ലാം ആം ആദ്മി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

