ന്യൂഡൽഹി : ഇസ്രായേലിലേക്കുള്ള യാത്രയ്ക്കിടെ കോക്ക്പിറ്റിൽ വെച്ച് സഹപൈലറ്റിന്റെ കുത്തേറ്റ ശേഷവും ധീരതയോടെ പോരാടിയ ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാർ ഇന്ത്യയുടെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്യാപ്റ്റൻ സ്മിത് മച്ചാർ യഥാർത്ഥ നായകനാണെന്നും അദ്ദേഹത്തിന്റെ ധീരതയിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.
ഗുരുതരമായി പരിക്കേറ്റിട്ടും അതിഭീകരമായ സാഹചര്യത്തിൽ സ്മിത് കാണിച്ച നിശ്ചയദാർഢ്യവും ധൈര്യവുമാണ് നൂറ് കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ചതെന്നും , വൻ ദുരന്തം ഒഴിവാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്മിത് മച്ചാർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു
മച്ചാറിനെ ‘ യഥാർത്ഥ നായകൻ ‘ എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. “ ഗുരുതരമായി പരിക്കേറ്റിട്ടും കോക്ക്പിറ്റ് വാതിൽ തുറന്ന് സഹായത്തിനായി വിളിക്കാൻ സാധിച്ച മച്ചാർ ഒരു തരത്തിൽ അദ്ദേഹം ഒരു ഹീറോ തന്നെയായിരുന്നു” എന്നാണ് ട്രംപ് പറഞ്ഞത്. സഹപൈലറ്റ് “ഒരുപക്ഷേ ഒരു ഭീകരവാദിയോ അല്ലെങ്കിൽ മാനസികനില തെറ്റിയ ഒരാളോ” ആകാം എന്നും ട്രംപ് പറഞ്ഞു.ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്തിലെ ഒമാൻ പൗരനായ പൈലറ്റുമാരിലൊരാൾ സഹപൈലറ്റിനെ ആക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
പൈലറ്റ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്നും വിമാനം ഇടിച്ചിറക്കാൻ ശ്രമിച്ചെന്നുമാണ് യാത്രക്കാർ പറയുന്നത്. ക്യാപ്റ്റൻ മച്ചാറിന് ഇതിനിടെ ഗുരുതരമായി പരിക്കേറ്റു.തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമംകാട്ടിയ പൈലറ്റിനെ കീഴ്പ്പെടുത്തി. വിമാനത്തിനുള്ളിൽ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റുരണ്ടു പൈലറ്റുമാർ വിമാനനിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി തിരിച്ചിറക്കിയതോടെയാണ് ദുരന്തം വഴിമാറിയത് . ഒടുവിൽ വിമാനം വഴിതിരിച്ചുവിടുകയും സൗദി അറേബ്യയിൽ സുരക്ഷിതമായി ഇറക്കുകയുമായിരുന്നു.
ആക്രമിയെ കീഴ്പ്പെടുത്താൻ യാത്രക്കാരെ സഹായിച്ചത് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ ആണ് . 13 വർഷത്തിലേറെയായി വാണിജ്യ വ്യോമയാന രംഗത്ത് പ്രവർത്തിക്കുന്ന പരിചയസമ്പന്നനായ പൈലറ്റാണദ്ദേഹം. പ്രധാനമായും ബോയിംഗ് 737 വിമാനങ്ങളിലായി ഏകദേശം 9,750 മണിക്കൂർ പറന്ന പരിചയമുള്ള അദ്ദേഹം, നേരത്തെ സ്പൈസ് ജെറ്റിൽ 11 വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ ‘ലൈൻ ട്രെയിനിംഗ് ക്യാപ്റ്റൻ’ ആയും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഗുരുതരമായി കുത്തേറ്റുവെങ്കിലും, കോക്ക്പിറ്റ് വാതിൽ തുറക്കാൻ മച്ചാറിന് സാധിച്ചു. ഇതിലൂടെ യാത്രക്കാർക്കും ജീവനക്കാർക്കും അകത്തുകയറി ആക്രമിയെ കീഴ്പ്പെടുത്താൻ കഴിഞ്ഞു.

