ന്യൂഡൽഹി: ജൂലൈ 1 മുതൽ ഇന്ത്യൻ റെയിൽവേ മന്ത്രാലയം വിപ്ലവകരമായ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്ര എളുപ്പമാക്കുന്നതിനുമായി നിയമങ്ങളിൽ സമഗ്ര മാറ്റമാണ് വരുത്തുന്നത്.
ഇനി മുതൽ, റെയിൽവേ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ നൽകേണ്ടിവരും. ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, സഹയാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുക തുടങ്ങിയവ ജൂലൈ 1 മുതൽ കർശനമായി വിലക്കും . ജൂൺ 19 ന് പ്രസിദ്ധീകരിച്ച റെയിൽവേ മന്ത്രാലയത്തിന്റെ പ്രത്യേക ഗസറ്റ് വിജ്ഞാപനം അനുസരിച്ച്, നിലവിലുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പബ്ലിക് ട്രസ്റ്റ് ആക്ടിന്റെ പരിധിയിലാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്.
ഇനി മുതൽ, ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിനുള്ള പിഴ 500 രൂപയായിരിക്കും, നേരത്തെ ഇത് 250 രൂപയായിരുന്നു . മറ്റൊരാളുടെ ടിക്കറ്റോ പാസോ ഉപയോഗിച്ചാൽ 500 രൂപ പിഴ ഈടാക്കുകയും ടിക്കറ്റ് കണ്ടുകെട്ടുകയും ചെയ്യും. സ്ത്രീ യാത്രക്കാർക്കായി നീക്കിവച്ചിരിക്കുന്ന കോച്ചുകളിൽ യാത്ര ചെയ്യുന്ന പുരുഷന്മാർ 2,500 രൂപ പിഴ അടയ്ക്കേണ്ടിവരും . റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിയമവിരുദ്ധമായി വ്യാപാരം നടത്തുന്നതിനുള്ള പിഴ 2,000 രൂപയാക്കി . ഇത് ആവർത്തിച്ചാൽ 5,000 രൂപയായിരിക്കും പിഴ ഈടാക്കുക.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് പുകവലിച്ചാൽ 2,000 രൂപ പിഴ അടയ്ക്കേണ്ടിവരും . റെയിൽവേ സ്റ്റേഷനുകളിൽ അപകടകരമായതോ നിരോധിതമോ ആയ വസ്തുക്കൾ കൊണ്ടുവന്നാൽ കുറഞ്ഞത് 10,000 രൂപ പിഴയും ആറ് മാസം വരെ തടവും ലഭിക്കും. നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി, സ്പോട്ടിൽ പിഴ ചുമത്താൻ റെയിൽവേ അധികൃതർക്ക് അധികാരം നൽകിയിട്ടുണ്ട്.

