ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധത്തെക്കുറിച്ച് പാർലമെന്റിൽ ചർച്ച നടത്താനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഗ്ദാനം നിരസിച്ച് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി . പ്രതിപക്ഷത്തിന് ഇത്തരം “പ്രഭാഷണം” കേൾക്കാൻ താൽപ്പര്യമില്ലെന്നും പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടിയെക്കുറിച്ച് ഉത്തരങ്ങൾ ആണ് വേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ വെടിവയ്പ്പിനും ലാത്തിചാർജിനും ആരാണ് അധികാരം നൽകിയതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ‘ ആഭ്യന്തര മന്ത്രി എന്ന നിലയിൽ അമിത് ഷായ്ക്കാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്വമുള്ളത്. അമിത് ഷായാണ് ഉത്തരവിട്ടതെങ്കിൽ അദ്ദേഹം രാജിവയ്ക്കണം. അദ്ദേഹം അതിനെ കുറിച്ച് അറിഞ്ഞിട്ടില്ലെങ്കിൽ ആ പദവിയിലിരിക്കാൻ അദ്ദേഹത്തിന് കഴിവുണ്ടോ?
അമിത് ഷാ പാർലമെന്റിനെ ഒഴിവാക്കുകയാണ്. ആഭ്യന്തരമന്ത്രിക്ക് സഭയെ നേരിടാൻ ധൈര്യമില്ല . അമിത് ഷായുടെ രാഷ്ട്രീയ പ്രതിച്ഛായ തകർന്നു .“ എന്നും രാഹുൽ പറഞ്ഞു. നേരത്തെ, പോലീസ് നടപടി ഉൾപ്പെടെ വിദ്യാർത്ഥി പ്രതിഷേധത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും പാർലമെന്റിൽ വിശദമായ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇതാണിപ്പോൾ രാഹുൽ നിരസിച്ചിരിക്കുന്നത് .
അതേസമയം ഈ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതിയിട്ടുണ്ട്. സ്പീക്കർ ഇതിനായി സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

