ഡബ്ലിൻ: അതിശക്തമായ ചൂടിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ കൗണ്ടികളിൽ യെല്ലോ വാണിംഗ് നിലവിൽവന്നു. രണ്ട് കൗണ്ടികളിലാണ് താപനിലയെ തുടർന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ടിപ്പററി, ലെയ്ൻസ്റ്റർ എന്നിവിടങ്ങളിലാണ് ഇന്ന് കനത്ത ചൂട് അനുഭവപ്പെടുക. രാജ്യത്ത് ചിലയിടങ്ങളിൽ അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
തെളിഞ്ഞ കാലാവസ്ഥ ആയതിനാൽ ബീച്ചുകളിലും തടാകങ്ങളിലും സമയം ചിലവഴിക്കാൻ ധാരാളം പേർ എത്താറുണ്ട്. എന്നാൽ ഈ സമയങ്ങളിൽ ശ്രദ്ധ വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മൃഗങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. ഉറക്കത്തിന് ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാമെന്നും മെറ്റ് ഐറാൻ അറിയിക്കുന്നു. അതേസമയം ഇന്ന് നിലവിൽ വന്ന മുന്നറിയിപ്പ് മറ്റെന്നാൾ രാവിലെ വരെ തുടരും.

