ഹൈദരാബാദ് ; തെലങ്കാനയ്ക്കായി 9,400 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി .ഹൈദരാബാദ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ തെലങ്കാന ഗവർണർ ശിവ് പ്രതാപ് ശുക്ല, മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി, മറ്റ് നിരവധി നേതാക്കൾ എന്നിവർ പങ്കെടുത്തു..
ഗുജറാത്തിന് നൽകിയതുപോലെ, തെലങ്കാനയ്ക്കും ഫണ്ട് നൽകാൻ താൻ തയ്യാറാണെന്നും എന്നാൽ ഫണ്ട് ഇവിടെ എത്തുമ്പോഴേക്കും പകുതിയായി കുറയുമെന്നും ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. ഹൈദരാബാദ്-പനാജി സാമ്പത്തിക ഇടനാഴിയിലെ ഗുഡെബെല്ലൂർ മുതൽ മഹ്ബൂബ് നഗർ വരെയുള്ള ദേശീയ പാത-167 നാലുവരിയാക്കൽ ഉൾപ്പെടെ നിരവധി പദ്ധതികൾക്ക് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തി.
റെയിൽവേയുടെ കാസിപേട്ട്-വിജയവാഡ മൾട്ടി-ട്രാക്കിംഗ് പദ്ധതിയുടെ വിവിധ വിഭാഗങ്ങൾ, ഹൈദരാബാദിലെ ഗ്രീൻഫീൽഡ് പിഒഎൽ (പെട്രോളിയം, ഓയിൽ, ലൂബ്രിക്കന്റ്സ്) ടെർമിനൽ, കാസിപേട്ട് റെയിൽ അണ്ടർ റെയിൽ ബൈപാസ്, വാറങ്കലിലെ പിഎം മിത്ര പാർക്ക് (കകതീയ മെഗാ ടെക്സ്റ്റൈൽ പാർക്ക്) എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ₹1,700 കോടി ചെലവിൽ വികസിപ്പിച്ചെടുത്ത കാകതീയ മെഗാ ടെക്സ്റ്റൈൽ പാർക്ക് ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണമായി പ്രവർത്തിക്കുന്ന പിഎം മിത്ര പാർക്കാണ്.
സംസ്ഥാനങ്ങളുടെ വികസനമില്ലാതെ രാജ്യത്തിന്റെ പുരോഗതി സാധ്യമല്ലെന്ന് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. “ഇന്ത്യ ഇന്ന് പരിഷ്കരണങ്ങളുടെ പാതയിലാണ്, ആധുനിക അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുന്നു. തെലങ്കാനയിലെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സംസ്ഥാനങ്ങളുടെ വികസനമില്ലാതെ രാജ്യത്തിന്റെ പുരോഗതി സാധ്യമല്ല.തെലങ്കാനയിലെ ഓരോ കുടുംബത്തിനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി കേന്ദ്ര സർക്കാർ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കും.“ പ്രധാനമന്ത്രി പറഞ്ഞു.

