കൊൽക്കത്ത ; പശ്ചിമ ബംഗാളിലെ അധികാര മാറ്റത്തോടെ തൃണമൂൽ കോൺഗ്രസിന്റെ കയ്യേറ്റങ്ങൾക്കും തിരിച്ചടിയായി . ബിർഭുമിൽ തൃണമൂൽ കോൺഗ്രസ് പാർട്ടി ഓഫീസാക്കി മാറ്റിയ ക്ഷേത്രമാണിപ്പോൾ ബിജെപി തിരിച്ചു പിടിച്ചിരിക്കുന്നത് .
ബിർഭും ജില്ലയിലെ ശ്രീ ശ്രീ രാധ ഗോവിന്ദ ക്ഷേത്രം വളരെക്കാലമായി പ്രദേശത്തെ ജനങ്ങളുടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും കേന്ദ്രമായിരുന്നു. രാംപൂർഹട്ട് മുനിസിപ്പാലിറ്റിയുടെ വാർഡ് നമ്പർ 15-ൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, പ്രദേശവാസികളുടെ കൂട്ടായ പരിശ്രമത്തിലൂടെയും സംഭാവനകളിലൂടെയും നിർമ്മിച്ചതാണ് . എല്ലാ ക്ഷേത്ര പൂജകളും നാട്ടുകാർ ചേർന്ന് സുഗമമായി നടത്തിയിരുന്നു.
എന്നാൽ അധികം വൈകാതെ ക്ഷേത്രവും ഒപ്പമുണ്ടായിരുന്ന ഭൂമിയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) അംഗങ്ങൾ കൈവശപ്പെടുത്തി പാർട്ടി ഓഫീസാക്കി മാറ്റി. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധത്തിനിറങ്ങിയെങ്കിലും തൃണമൂൽ അനുയായികൾ ക്ഷേത്രം വിട്ടു നൽകാൻ തയ്യാറായില്ല . ഇപ്പോൾ സുവേന്ദു അധികാരി അധികാരമേറ്റതിനു പിന്നാലെ ബിജെപിയുടെ നേതൃത്വത്തിൽ ക്ഷേത്രം തൃണമൂൽ പ്രവർത്തകരിൽ നിന്ന് മോചിപ്പിച്ച് തിരികെ കൊണ്ടുവന്നു.
ഇന്ന് പൂജകളും നടത്തി. ക്ഷേത്ര കമ്മിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും നാട്ടുകാരും ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ബിജെപിയുടെ രാംപൂർഹട്ട് നഗര പ്രസിഡന്റ് അർപ്പൺ നാഗ്, ജിഎസ് വിമൻ സാഹ, മറ്റ് നേതാക്കൾ എന്നിവരും സന്നിഹിതരായിരുന്നു.മതപരമായ സ്ഥലങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് പ്രദേശവാസികൾ പറയുന്നു. ക്ഷേത്ര സ്വത്ത് ഒരിക്കലും രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും അവർ പറയുന്നു.

