ഇസ്ലാമാബാദ് : ഇന്ത്യയെ എതിർത്ത് വ്യോമാതിർത്തി അടച്ച പാകിസ്ഥാന് രണ്ട് മാസത്തിനുള്ളിൽ നഷ്ടമായത് 125 കോടി രൂപ . പഹൽഗാം ആക്രമണത്തിനു പിന്നാലെ പാകിസ്ഥാന് നയതന്ത്ര രീതിയിൽ തിരിച്ചടി നൽകാനായി ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചിരുന്നു . അതിന് തിരിച്ചടിയെന്നോണമാണ് ഇന്ത്യ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചത് .
2025 ഓഗസ്റ്റ് 8 വെള്ളിയാഴ്ച പാകിസ്ഥാൻ പാർലമെന്റിൽ പങ്കുവെച്ച കണക്കുകൾ പ്രകാരം , രണ്ട് മാസത്തിനുള്ളിൽ പാകിസ്ഥാന് 4.10 ബില്യൺ നഷ്ടം സംഭവിച്ചു . പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2025 ഏപ്രിൽ 24 നും ജൂൺ 30 നും ഇടയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചപ്പോഴാണ് ഈ നഷ്ടം സംഭവിച്ചത് . ഈ നീക്കം പ്രതിദിനം 100 മുതൽ 150 വരെ ഇന്ത്യൻ വിമാനങ്ങളെ ബാധിച്ചു.
ഈ നഷ്ടങ്ങൾക്കിടയിലും പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റിയുടെ മൊത്തം വരുമാനം 2019-ൽ 508,000 ഡോളറിൽ നിന്ന് 2025-ൽ 760,000 ഡോളറായി വർദ്ധിച്ചുവെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. വ്യോമമേഖലയിലെ നിയന്ത്രണങ്ങൾ ഫെഡറൽ സർക്കാരിന്റെ അധികാരപരിധിയിൽ വരുന്നതാണ് . ഇത്തരം സാമ്പത്തിക നഷ്ടങ്ങൾ സംഭവിക്കാറുണ്ടെങ്കിലും പരമാധികാരവും ദേശീയ പ്രതിരോധവും സാമ്പത്തിക പരിഗണനകൾക്ക് അതീതമാണെന്നും പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു . അതിർത്തി കടന്നുള്ള സംഘർഷങ്ങൾ കാരണം വ്യോമമേഖല അടച്ചുപൂട്ടിയതിനാൽ 2019-ൽ പാകിസ്ഥാന് 54 മില്യൺ ഡോളർ നഷ്ടമുണ്ടായിരുന്നു.
ഇന്ത്യൻ വിമാനങ്ങൾക്ക് മുന്നിൽ പാകിസ്ഥാൻ വ്യോമാതിർത്തി ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ് . ഓഗസ്റ്റ് അവസാന ആഴ്ച വരെ തൽസ്ഥിതി തുടരും. അതുപോലെ, ഇന്ത്യൻ വ്യോമാതിർത്തിയും അടച്ചിട്ടിരിക്കുകയാണ് . പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടു വീഴ്ച്ചയുണ്ടാവില്ലെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

