ന്യൂഡൽഹി : ഡൽഹിയിലെ 50-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി . ഇമെയിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. മാൽവിയ നഗറിലെ എസ്കെവി ഹൗസ് റാണി, കരോൾ ബാഗിലെ ആന്ധ്രാ സ്കൂൾ എന്നിവയടക്കമുള്ള സ്കൂളുകൾക്ക് ഭീഷണികൾ വന്നിട്ടുണ്ട്.
തിങ്കളാഴ്ച, രാവിലെ 7.30 നും ഉച്ചയ്ക്ക് 12.25 നും ഇടയിലാണ് ഭീഷണി ഇമെയിലുകൾ പല സ്കൂളുകൾക്കും ലഭിച്ചത് . തുടർന്ന് 32 സ്കൂളുകളിൽ നിന്ന് കോളുകൾ ലഭിച്ചതായി ഡൽഹി ഫയർ സർവീസസ് അറിയിച്ചു. ഡൽഹി പബ്ലിക് സ്കൂൾ, ബിജിഎസ് ഇന്റർനാഷണൽ പബ്ലിക് സ്കൂൾ, ശ്രീ വെങ്കിടേശ്വര സ്കൂൾ, ഗ്ലോബൽ സ്കൂൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ സംരക്ഷണം തേടി വിളിച്ചതായി ഫയർ സർവീസസ് അറിയിച്ചു . ഡൽഹി പബ്ലിക് സ്കൂൾ കുട്ടികളെ വീട്ടിലേക്ക് തിരിച്ചയച്ചു, അവധിയും പ്രഖ്യാപിച്ചു.
ബോംബ് ഡിസ്പോസൽ സ്ക്വാഡുകളും ഡോഗ് സ്ക്വാഡുകളും ഉൾപ്പെടെ നിരവധി ടീമുകളെ പോലീസ് ഓരോ കാമ്പസിലേക്കും നിയോഗിച്ചിരുന്നു. “തിരച്ചിൽ പൂർത്തിയായി, സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല,” എന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്. സൈബർ ഫോറൻസിക് വിദഗ്ധർ ഇപ്പോൾ ഇമെയിലുകൾക്ക് പിന്നിലെ ഐപി വിലാസങ്ങൾ ട്രാക്ക് ചെയ്യുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
ജനുവരി മുതൽ, ഡൽഹി-എൻസിആറിലെ കുറഞ്ഞത് 74 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 70 സ്കൂളുകൾ, നാല് കോളേജുകൾ എന്നിവയ്ക്ക് ബോംബ് ഭീഷണി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് രേഖകൾ പറയുന്നു. ജൂലൈയിൽ മാത്രം, 50 ഓളം സ്കൂളുകൾ ലക്ഷ്യമിട്ട് ഭീഷണി ഉണ്ടായി . രോഹിണി, പിതംപുര, പശ്ചിമ് വിഹാർ, സൗത്ത് ഡൽഹി, സെൻട്രൽ ഡൽഹി എന്നിവിടങ്ങളിൽ ആളുകളെ ഒഴിപ്പിച്ചു. ഹിന്ദു കോളേജ്, ശ്രീറാം കോളേജ് ഓഫ് കൊമേഴ്സ്, ഐപി കോളേജ് ഫോർ വിമൻ തുടങ്ങിയ കോളേജുകൾക്കും ഭീഷണി ഉണ്ടായി.
സെന്റ് സ്റ്റീഫൻസ് കോളേജിനും സെന്റ് തോമസ് സ്കൂളിനും ഭീഷണി സന്ദേശം അയച്ചതിന് കഴിഞ്ഞ മാസം 12 വയസ്സുള്ള ഒരു ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൗൺസിലിംഗിന് ശേഷം കുട്ടിയെ വിട്ടയച്ചു.ഈ കേസുകളിൽ ഭൂരിഭാഗവും തട്ടിപ്പാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും ഓരോന്നും പൂർണ്ണ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
“ഇവ തമാശകളാണെങ്കിൽ പോലും, വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും പരിഭ്രാന്തി സൃഷ്ടിക്കുന്നു. ഉത്തരവാദികളെ തിരിച്ചറിയാനും അവർക്കെതിരെ കർശന നടപടിയെടുക്കാനും ഞങ്ങൾ എല്ലാ വഴികളും തേടുന്നു,” പൊലീസ് പറഞ്ഞു.

