മുംബൈ : രാജ്യത്ത് ഒരു ശിവസേന മാത്രമേയുള്ളൂവെന്നും , അത് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ . കോലാപൂരിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ഉദ്ധവ് താക്കറെ തന്റെ പഴയ പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് കോൺഗ്രസുമായി സഖ്യത്തിലാണെന്നും അമിത് ഷാ ആരോപിച്ചു. ശിവസേനയ്ക്കുള്ളിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന സമയത്താണ് അമിത് ഷായുടെ പ്രസ്താവന.
റാലിയിൽ അമിത് ഷായ്ക്കൊപ്പം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും, ഏക്നാഥ് ഷിൻഡേയും പങ്കെടുത്തു. മഹാരാഷ്ട്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച അമിത് ഷാ സംസ്ഥാനത്ത് വികസനം അതിവേഗമാണ് നടക്കുന്നതെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെയും അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ 12 വർഷത്തിനുള്ളിൽ ഇന്ത്യ പുതിയ ഐഡന്റിറ്റിയാണ് സ്ഥാപിച്ചതെന്നും, അത് ചരിത്രം ഓർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാൾ ബിജെപിയ്ക്ക് ലഭിക്കാൻ ബുദ്ധിമുട്ടുള്ള സംസ്ഥാനമായാണ് പലരും കണ്ടത് . എന്നാൽ പാർട്ടി അവിടെ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. നുഴഞ്ഞുകയറ്റ വിഷയത്തിലും ഇന്ത്യ ശക്തമായ നിലപാടുമായി മുന്നോട്ട് പോകും. ഈ രാജ്യത്തെ പൗരന്മാർ മാത്രമേ ഇവിടെ താമസിക്കൂ. ഇന്ത്യ ഒരു ധർമ്മ ശാലയല്ല, എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഇന്ത്യയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

