കൊൽക്കത്ത ; പശ്ചിമ ബംഗാളിലെ പരസ്യ നിസ്ക്കാരങ്ങൾക്ക് തടയിടാൻ സുവേന്ദു അധികാരി സർക്കാർ . പൊതുനിരത്തുകളിലെ നിസ്ക്കാരത്തിന് ഇനി നിയന്ത്രണമേർപ്പെടുത്തുമെന്നും, തെരുവുകളിൽ പ്രാർത്ഥനകൾ അനുവദിക്കില്ലെന്നും ബിജെപി എംഎൽഎ അർജുൻ സിംഗ് പറഞ്ഞു. ഇന്ത്യാ ടുഡേ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അർജുൻ സിംഗിന്റെ ഈ പ്രസ്താവന . സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ് അർജുൻ സിംഗിന്റെ ഈ പരാമർശം.
പൊതു ക്രമസമാധാനം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, റോഡുകളിലെ മതപരമായ ഒത്തുചേരലുകൾ എന്നിവയുൾപ്പെടെ നിരവധി കാര്യങ്ങളിൽ ഭരണകൂടം ഇതിനകം കർശനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അർജുൻ സിംഗ് പറഞ്ഞു.”മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ട്. തെരുവുകളിൽ നമസ്കാരം അനുവദിക്കില്ല. പള്ളികളിൽ പ്രാർത്ഥിക്കട്ടെ, പക്ഷേ തെരുവുകളിൽ അത് അനുവദിക്കില്ല, ഇക്കാര്യത്തിൽ കോടതി നിർദേശമുണ്ട് ” അർജുൻ സിംഗ് പറഞ്ഞു. കൊൽക്കത്തയിലെ റെഡ് റോഡ് പ്രദേശത്തെ പൊതു പ്രാർത്ഥനകളെ ലക്ഷ്യം വച്ചാണ് അർജുൻ സിംഗിന്റെ പ്രസ്താവന.
പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള റെഡ് റോഡിലെ ഈദ് നമസ്കാരത്തിന് കഴിഞ്ഞ വർഷം സൈന്യം അനുമതി നിഷേധിച്ചതിനെതിരെ മതസംഘടനകൾ രംഗത്തിറങ്ങിയിരുന്നു. സൈനിക ഉപയോഗം ചൂണ്ടിക്കാട്ടിയാണ് സൈന്യം പ്രാർത്ഥനകൾക്ക് അനുമതി നിഷേധിച്ചത്. എന്നാൽ കുറച്ച് ദിവങ്ങൾക്ക് ശേഷം നേതാജി പ്രതിമ മുതൽ കിഴക്കൻ കമാൻഡ് ആസ്ഥാനമായ ഫോർട്ട് വില്യം വരെയുള്ള റോഡിലെ ഈദ്-അൽ-അദ്ഹ പ്രാർത്ഥനകൾക്ക് സൗകര്യമൊരുക്കാൻ സൈന്യം തയ്യാറായിരുന്നു.

